370ലധികം സീറ്റുകളില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ല; വിശദീകരണം നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍…

തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തു വിട്ട വോട്ടിങ് കണക്കുകളിലെ ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി ‘ദി ക്വിന്റ്’ റിപ്പോര്‍ട്ട്. 373 സീറ്റുകളില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് കണക്കുകളുദ്ധരിച്ച് പറയുന്നു. ആകെ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും രണ്ടാണ് ഈ മണ്ഡലങ്ങളില്‍. ആദ്യ നാല് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലാണ് ഈ തിരിമറി ദൃശ്യമായത്.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ലോകസഭാ മണ്ഡലത്തില്‍ 12,14,086 വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളിലുണ്ട്. എന്നാല്‍ ഇതേ കണക്കുകള്‍ പറയുന്നതു പ്രകാരം ഈ മണ്ഡലത്തില്‍ ആകെ എണ്ണിയത് 12,32,417 വോട്ടുകളാണ്. അതായത് 18,331 വോട്ടുകളുടെ വ്യത്യാസം. തമിഴ്‌നാട്ടിലെ തന്നെ ധര്‍മപുരി മണ്ഡലത്തില്‍ 11,94,440 വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്. എണ്ണിയ വോട്ടുകളുടെ എണ്ണം 12,12,311. ആകെ 17,871 വോട്ടുകള്‍ കൂടുതല്‍.

ഉത്തര്‍പ്രദേശിലെ മഥുര 1088206 വോട്ടുകള്‍ പോള്‍ ചെയ്‌തെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്ക്. എണ്ണിയ വോട്ടുകളുടെ എണ്ണം 1098112. ആകെ 9906 വോട്ടുകള്‍ കൂടുതല്‍. ബിഹാറിലെ ഔറംഗബാദ് മണ്ഡലത്തിലെ കണക്കുകള്‍ ഇപ്രകാരമാണ്: പോള്‍ ചെയ്ത വോട്ടുകള്‍ – 930758. എണ്ണിയ വോട്ടുകള്‍ – 939526. കൂടുതല്‍ വന്ന വോട്ടുകള്‍ – 8768.

നിരവധി മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ വ്യത്യാസം കാണുന്നുണ്ട്. ആദ്യത്തെ നാല് ഘട്ടങ്ങളിലെ കണക്കുകള്‍ മാത്രമാണ് ദി ക്വിന്റ് പഠിച്ചത്. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചെങ്കിലും അവരില്‍ നിന്ന് വിശദീകരണമൊന്നും കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ ഈ വിവരങ്ങളടങ്ങിയ ഭാഗങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കം ചെയ്യുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ ഡാറ്റ നീക്കം ചെയ്തതെന്ന ചോദ്യത്തിനും കമ്മീഷനില്‍ നിന്നും മറുപടി ലഭിക്കുകയുണ്ടായില്ല. 5,6,7 ഘട്ടങ്ങളിലെ വിവരങ്ങള്‍ തങ്ങള്‍ വിശകലനം ചെയ്തില്ലെന്നും അവ ഏകദേശക്കണക്കുകളാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും ദി ക്വിന്റ് റിപ്പോര്‍ട്ട് പറയുന്നു.

ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡാറ്റ ഇതുവരെ ക്രമീകരിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നതെന്നും ഇത് സംശയാസ്പദമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. പോളിങ് ദിനത്തില്‍ തന്നെ പോള്‍ ചെയ്ത വോട്ടുകളുടെ കണക്കുകള്‍ പ്രിസൈഡിങ് ഓഫീസര്‍ കൈമാറും. ഈ ഡാറ്റ ക്രമീകരിച്ച് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിന് ഇത്രയധികം ദിവസങ്ങളെടുക്കേണ്ട യാതൊരു സാഹചര്യവുമില്ല.

ഇതൊരു ഗൗരവമേറിയ പ്രശ്‌നമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നതായി മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒപി റാവത്ത് പറയുന്നു. പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ വ്യത്യാസം വരുന്ന സന്ദര്‍ഭം തന്നെ കാലയളവിലുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടിങ് മെഷീന്‍ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ പറയുന്നത് ഒരു വോട്ടു പോലും വ്യത്യാസം വരാനിടയില്ലെന്നാണ്. ഇത്തരമൊരു പ്രശ്‌നം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അത് ഗൗരവത്തിലെടുത്ത് വിശദീകരണം നല്‍കേണ്ടതുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply

%d bloggers like this: