ട്രംപ് ഇരുപതാം നൂറ്റാണ്ടിലെ ഫാസിസ്റ്റുകളെ പോലെ… ട്രംപിനെതിരെ ശക്തമായ പ്രതിഷേധവുമായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍…

ഇരുപതാം നൂറ്റാണ്ടിലെ ഫാസിസ്റ്റുകളെ പോലെയാണ് ട്രംപ് സംസാരിക്കുന്നതെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. യു.എസ് പ്രസിഡന്റ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടണില്‍ എത്താനിരിക്കെയാണ് ശക്തമായ പ്രതിഷേധവുമായി സാദിഖ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ഒബ്‌സര്‍വറി’ലെഴുതിയ ലേഖനത്തിലാണ് ‘അനുയായികളെ സംഘടിപ്പിക്കാന്‍ ട്രംപ് ഉപയോഗിക്കുന്ന ഭാഷ ഫാസിസ്റ്റുകളുടേതാണെന്ന്’ മേയര്‍ പറയുന്നത്.

അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനമായി ബന്ധപ്പെട്ട് വമ്പിച്ച പ്രതിഷേധങ്ങള്‍ക്കാണ് ലണ്ടന്‍ നഗരം സാക്ഷിയാകാന്‍ പോകുന്നത്. ‘ആഗോളതലത്തില്‍തന്നെ വര്‍ധിച്ചുവരുന്ന ഭീഷണികളില്‍ അത്യന്തം ഹീനമായ ഉദാഹരണങ്ങളിലോന്നാണ് ട്രംപ്. ലോകമെമ്പാടും തീവ്ര വലതുപക്ഷം വളര്‍ന്നു വരികയാണ്. ലിബറല്‍ – ജനാധിപത്യ സമൂഹങ്ങള്‍ 70 വര്‍ഷത്തിലേറെക്കാലമായി കഠിനാധ്വാനം നേടിയെടുത്ത അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും ഭീഷണിയാണ് അത്’, സാദിഖ് ഖാന്‍ എഴുതി.

‘ഹംഗറിയിലെ വിക്ടര്‍ ഓര്‍ബാന്‍, ഇറ്റലിയിലെ മാറ്റോ സാല്‍വിനി, ഫ്രാന്‍സിലെ മറൈന്‍ ലെ പെന്‍, ബ്രിട്ടനില്‍തന്നെയുള്ള നിഗല്‍ ഫാരേജ് എന്നിവരും ജനങ്ങളുടെ പിന്തുണ നേടാന്‍ ഇരുപതാം നൂറ്റാണ്ടിലെ ഫാസിസ്റ്റുകളെപ്പോലെയാണ് സംസാരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുപോലും അചിന്തനീയമാമായിരുന്ന തരത്തില്‍ അവര്‍ അധികാരവും സ്വാധീനവും നേടിയെടുക്കുകയാണ്’, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെയും ട്രംപ് ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി സാദിഖ് ഖാന്‍ രംഗത്തെത്തിയിരുന്നു. ബ്രിട്ടണില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ തെരേസാ മേയ്ക്ക് പകരക്കാരനായി ബോറിസ് ജോണ്‍സണ്‍ വരുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അതിനെതിരെയും ബ്രിട്ടണില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

‘ആര് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ട്രംപ് തീരുമാനിക്കുന്നത് നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഒട്ടും യോജിച്ചതല്ലെന്നും, അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത് യു.എസ് പ്രസിഡന്റല്ല ബ്രിട്ടണിലെ ജനങ്ങളാണ്’, എന്നും ലേബര്‍പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞു.

2016-ല്‍, ഇസ്ലാമിനെ സംബന്ധിച്ച ട്രംപിന്റെ അഭിപ്രായപ്രകടനങ്ങള്‍ അജ്ഞതകൊണ്ടാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞിരുന്നു. അന്ന് സാദിഖ് ഖാനോട് ഐ.ക്യു ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞുകൊണ്ടാണു ട്രംപ് പരിഹസിച്ചത്. 2017-ല്‍ ലണ്ടന്‍ ബ്രിഡ്ജ്, ബറോഫ് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടന്നപ്പോഴും ഖാനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: