അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ വീട് കാണിച്ചു കൊടുത്തു, അമേരിക്ക ആക്രമിച്ചില്ല; സിഐഎക്ക് വിവരങ്ങള്‍ നല്‍കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍റെ വിധവയുടെ വെളിപ്പെടുത്തല്‍…

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ബക്കർ അൽ ബഗ്ദാദിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ സി.ഐ.എക്ക് നല്‍കിയത് പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍റെ വിധവയാണെന്ന് ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തക കയ്‌ല മുള്ളറെ തന്‍റെ വീട്ടില്‍ തടവിലാക്കിയതില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് ഗാർഡിയന് നല്‍കിയ അഭിമുഖത്തില്‍ നെസ്രിൻ അസ്സാദ് ഇബ്രാഹീം പറഞ്ഞു. ഉമ്മു സയ്യാഫ് എന്നാണ് അവര്‍ അറിയപ്പെടുന്നത്.

കയ്‌ല മുള്ളറടക്കമുള്ള അമേരിക്കന്‍ വനിതകളെ സ്വന്തം വീട്ടില്‍ ബന്ദികളാക്കി വെക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു എന്നതാണ് സയ്യാഫില്‍ ആരോപിക്കുന്ന പ്രധാന കുറ്റങ്ങളില്‍ ഒന്ന്. ആ വീട്ടില്‍വെച്ചാണ് ബാഗ്ദാദി അവരെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. അബൂ സയ്യാഫ് എന്നറിയപ്പെടുന്ന ‘ഫാത്തി ബെൻ എവ്ന്‍ ബെൻ ജിൽദി മുറാദ് അൽ-ടുണിസി’ന്‍റെ ഭാര്യയാണ് ഉമ്മു സയ്യാഫ്. ബാഗ്ദാദിയുടെ ഏറ്റവും അടുത്ത സുഹൃത്തും ഐസിസിലെ പല സുപ്രധാന പദവികള്‍ വഹിച്ചിരുന്ന ആളുമായിരുന്നു അബൂ സയ്യാഫ്. ഉമ്മു സയ്യാഫ് അമേരിക്കൻ സൈന്യത്തിന്‍റെ പിടിയിലായതോടെയാണ് ബാഗ്ദാദിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സി.ഐ.എക്ക് ലഭിക്കുന്നത്. തീവ്രവാദി നേതാക്കളുടെ ഒളിത്താവളങ്ങളെക്കുറിച്ചും ശൃംഖലകളെകുറിച്ചും കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ അറിയാന്‍ 29-കാരിയായ ഉമ്മു സയ്യാഫ് സഹായിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഗാര്‍ഡിയനോട് പറഞ്ഞു.

2016 ഫെബ്രുവരിയിൽ, ഇറാഖി നഗരമായ മൊസൂളില്‍ ബാഗ്ദാദി താമസിച്ചിരുന്നത് എന്ന് കരുതുന്ന ഒരു ഭവനം ഉമ്മു സയ്യാഫ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ അമേരിക്ക അവിടേക്ക് വ്യോമാക്രമണം നടത്താന്‍ തയ്യാറായിരുന്നില്ല. ‘വീട് എവിടെയാണെന്ന് ഞാൻ അവര്‍ക്ക് കാണിച്ചുകൊടുത്തു. എനിക്കറിയാം അദ്ദേഹം അവിടെ ഉണ്ടായിരിക്കുമെന്ന്. കാരണം അത് അദ്ദേഹത്തിന് താമസിക്കാന്‍ നല്‍കിയ വീടുകളില്‍ ഒന്നായിരുന്നു. മാത്രവുമല്ല ആ വീടായിരുന്നു അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്ന്’, ഇറാഖിലെ കുർദിഷ് പട്ടണമായ എർബിലെ ഒരു ജയിലിൽ വച്ച് ‘ദി ഗാർഡിയന്’ നല്‍കിയ അഭിമുഖത്തില്‍ ഉമ്മു സയ്യാഫ് പറഞ്ഞു.

ഉമ്മു സയ്യാഫിന്‍റെ കുടുംബത്തിന്‍റെ ജിഹാദി പാരമ്പര്യമാണ് വിവാഹത്തിനു ശേഷവും മറ്റുള്ള ഐസിസ് വനിതകളേക്കാള്‍ കൂടുതല്‍ ബാഗ്ദാദിയുമായി അവള്‍ക്ക് അടുപ്പമുണ്ടാകാന്‍ കാരണം. സംഘടനയുയിലെ ഏറ്റവും പ്രധാനപ്പെട്ടയാളുടെ ഭാര്യമാരിൽ ഒരാൾ എന്ന നിലയിൽ, പല യോഗങ്ങളിലും വ്യക്തിപരമായ ചർച്ചകളിലും അപൂർവമായെങ്കിലും പങ്കെടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അവരുടെ വീട്ടില്‍ വച്ചായിരുന്നു പലപ്പോഴും ബാഗ്ദാഗിയുടെ പല ഐസിസ് പ്രചാരണ വീഡിയോകളും ഷൂട്ട്‌ ചെയ്തിരുന്നത്.

2015 മെയ് മാസത്തിൽ കിഴക്കൻ സിറിയയിലെ അൽ-ഒമർ എണ്ണപ്പാടത്തിനടുത്ത് വെച്ചാണ് നെസ്രിനിനെ പിടികൂടുന്നത്. അബു സയ്യാഫിനെ സൈന്യം വധിച്ചു. സിറിയയിലെ പല എണ്ണ ഉത്പാദന കേന്ദ്രങ്ങളും നിയന്ത്രിച്ചിരുന്നത് അബു സയ്യാഫ് നേതൃത്വം നല്‍കുന്ന സംഘമായിരുന്നു. കിഴക്കൻ സിറിയയിലെയും പടിഞ്ഞാറൻ ഇറാഖിലെയും ഭീകര ഗ്രൂപ്പുകളുടെ ശാക്തീകരണത്തിനും വിപുലീകരണത്തിനുമായി എണ്ണ ഉത്പാദനത്തില്‍ നിന്നും ലഭിച്ചിരുന്ന പണമാണ് ഉപയോഗിച്ചിരുന്നത്. സയ്യാഫ് കൊല്ലപ്പെട്ടതോടെ ഐസിസിലെക്കുള്ള പണമൊഴുക്ക് ഏതാണ്ട് നിലച്ചു. ആദ്യമൊക്കെ അന്വേഷ ഉദ്യോഗസ്ഥരോട് ഉമ്മു സയ്യാഫ് ഒട്ടും സഹകരിച്ചിരുന്നില്ല. എന്നാല്‍ 2016ന്‍റെ തുടക്കത്തിലാണ്‌ സംഘടനയുടെ പല സെൻസിറ്റീവായ രഹസ്യങ്ങളും അവൾ വെളിപ്പെടുത്താൻ തുടങ്ങിയത്. ഉദ്യോഗസ്ഥര്‍ അവള്‍ക്ക് ഒരുപാട് ഫോട്ടോകളും മാപ്പുകളും കാണിച്ചു കൊടുത്തിരുന്നു. അവള്‍ മണിക്കൂറുകളോളം അതില്‍തന്നെ നോക്കിയിരുന്നു. അതിനു ശേഷമാണ് പല സുപ്രാധാന രഹസ്യങ്ങളും അവള്‍ വെളിപ്പെടുത്താന്‍ തുടങ്ങിയത്.

ബാഗ്ദാദിയെ കുറിച്ച് വ്യക്തമായ ചിത്രമാണ് ഉമ്മു സയ്യാഫ് നല്‍കിയതെന്ന് ഒരു മുതിര്‍ന്ന കുര്‍ദ്ദിഷ് ഇന്‍റലിജന്‍സ് ഓഫീസര്‍ ഗാര്‍ഡിയനോട് പറഞ്ഞു. ബാഗ്ദാദിയുടെ കുടുംബം, അയാള്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ആളുകള്‍, അയാളുടെ കൂടെയുള്ളവരുടെ ഭാര്യമാര്‍ തുടങ്ങി പലരെയും സയ്യാഫ് തിരിച്ചറിഞെന്നും, അവരുടെയൊക്കെ ഉത്തരവാദിത്തങ്ങള്‍ എന്താല്ലാമാണെന്ന് വിശദീകരിച്ചു തന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബാഗ്ദാദി ഇപ്പോഴും ഇറാഖില്‍തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. കാരണം അവിടെയാണ് ഏറ്റവും സുരക്ഷിതമെന്ന് അദ്ദേഹം കരുതുന്നു. വല്ലപ്പോഴും മാത്രമാണ് അയാള്‍ സിറിയ സന്ദര്‍ശിക്കുന്നത്. വന്ന കാര്യം സാധിച്ചാല്‍ ഉടന്‍തന്നെ തിരിച്ചു പോവുകയും ചെയ്യും.

ഉമ്മു സയ്യാഫിന് എര്‍ബില്‍ കോടതി വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുടുംബക്കാര്‍ക്ക് മാസത്തിലൊരിക്കല്‍ അവളെ സന്ദര്‍ശിക്കുവാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഡോക്ടർമാരുടെ സഹായവും ജയിലില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: