ഹിന്ദി നിര്‍ബന്ധ ഭാഷയാക്കാന്‍ കേന്ദ്രത്തിന്റെ ശുപാര്‍ശ: അനുവദിക്കില്ലെന്ന് സ്റ്റാലിന്‍; പൊതുജനാഭിപ്രായം തേടുമെന്ന് കേന്ദ്രം…

സ്‌കൂളുകളില്‍ ഹിന്ദി ഒരു നിര്‍ബന്ധ ഭാഷയാക്കുമെന്ന ഭീതി അനാവശ്യമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്. കേന്ദ്രത്തിന് അത്തരമൊരു ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പുതിയ കരടിലാണ് ഹിന്ദി രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധ പാഠ്യ വിഷയമാക്കണമെന്ന ശുപാര്‍ശയുള്ളത്.

കമ്മറ്റിയുടെ റിപ്പോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിക്കപ്പെട്ടിട്ടേയുള്ളൂവെന്നും അത് നയമായി മാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കു മീതെ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെ അഭിപ്രായമാരാഞ്ഞതിനു ശേഷം മാത്രമേ ഇത്തരമൊരു നയം നടപ്പാക്കൂ എന്നും അദ്ദേഹം വിശദീകരിച്ചു.

പുതിയ വിദ്യാഭ്യാസനയത്തിന്റെ കരട് വെള്ളിയാഴ്ചയാണ് മാനവവിഭവ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാര്‍ കെ കസ്തൂരിരംഗനാണ് ഇതിനായി രൂപീകരിച്ച കമ്മറ്റിയുടെ ചെയര്‍മാന്‍. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രസ്തുത ഭാഷ നിര്‍ബന്ധ പാഠ്യവിഷയമാക്കണമെന്നാണ് കസ്തൂരിരംഗന്‍ കമ്മറ്റിയുടെ നിര്‍ദ്ദേശം. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം ഒരു പ്രാദേശിക ഭാഷ പഠിപ്പിക്കാമെന്നും കരടില്‍ പറയുന്നുണ്ട്. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ഒരു ആധുനിക ഭാഷയും പഠിപ്പിക്കണമെന്ന് കമ്മറ്റി നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഏത് ഭാഷയാണ് ഈ ആധുനിക ഭാഷ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഈ കരട് നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്ത് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തു വന്നിട്ടുണ്ട്. പാര്‍ട്ടി പാര്‍ലമെന്റില്‍ ഈ പ്രശ്‌നം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടുകാര്‍ക്കു മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെടുത്തുമെന്ന് ഡിഎംകെ നേതാവ് ടി ശിവയും പ്രസ്താവിച്ചു. ഇതിനായി എന്ത് പ്രത്യാഘാതത്തെയും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസനും ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. നിരവധി ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചയാളാണ് താനെന്നും ആ ഭാഷ ഒരു സംസ്ഥാനത്തും അടിച്ചേല്‍പ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കമല്‍ പറഞ്ഞു. അതെസമയം ഭരണകക്ഷിയായ എഐഎഡിഎംകെ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയും പ്രതികരണം അറിയിച്ചിട്ടില്ല. TNAgainstHindiImposition, StopHindiImposition എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്തു തുടങ്ങിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: