ശ്രീലങ്കയില്‍ തീവ്ര ബുദ്ധിസ്റ്റുകളുടെ വംശീയപ്രചാരണത്തിനൊടുവില്‍ എല്ലാ മുസ്ലിം മന്ത്രിമാരും ഗവര്‍ണര്‍മാരും രാജിവച്ചു…

കൊളംബോ: ഏപ്രില്‍ 21ലെ സ്ഫോടനങ്ങളും തുടര്‍ന്നുണ്ടായ കലാപങ്ങള്‍ക്കും പിന്നാലെ തുടര്‍ച്ചയായി വംശീയവാദികളായ ബുദ്ധിസ്റ്റ് നേതാക്കള്‍ നടത്തിവന്ന പ്രചാരണത്തിനൊടുവില്‍ ശ്രീലങ്കയിലെ എല്ലാ മുസ്ലിം മന്ത്രിമാരും ഗവര്‍ണര്‍മാരും രാജിവച്ചു. ശ്രീലങ്കയിലെ മൈത്രിപാല സിരിസേനാ സര്‍ക്കാരിലെ കാബിനറ്റ് ചുമതലയുള്ളവരുള്‍പ്പെടെയുള്ള എല്ലാ മുസ്ലിം മന്ത്രിമാരും രാജിയ്ക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രീയ കൂട്ടായ്മയായ ശ്രിലങ്ക മുസ്ലിം കോണ്‍ഗ്രസ് അധ്യക്ഷന്‍ റഊഫ് ഹകീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, ഇവര്‍ പാര്‍ലമെന്റംഗങ്ങളായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒമ്പത് മന്ത്രിമാരും രണ്ടുഗവര്‍ണര്‍മാരുമാണ് രാജിവച്ചത്. ന്യൂനപക്ഷവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാജിപ്രഖ്യാപനം അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ആരോപിച്ചു.

രാജ്യത്തെ ഉന്നത പദവികളിലുള്ള മൂന്നു മുസ്ലിം രാഷ്ട്രീയ നേതാക്കളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബുദ്ധസന്യാസിമാരുടെ നേതൃത്വത്തില്‍ തീര്‍ഥാടനനഗരമായ കാന്‍ഡിയില്‍ നടത്തിയ പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. 258 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റര്‍ദിന ഭീകരാക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരിലായിരുന്നു പ്രകടനമെങ്കിലും മുസ്ലിംകള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു റിലിയില്‍ നിന്നുയര്‍ന്നത്. ഇതുള്‍പ്പെടെ വംശീയവാദികളില്‍ നിന്നുയര്‍ന്ന സമ്മര്‍ദ്ധമാണ് ഇന്നലെ മുസ്ലിം നേതാക്കളുടെ രാജിയില്‍ കലാശിച്ചത്.

പടിഞ്ഞാറന്‍ പ്രവിശ്യാ ഗവര്‍ണര്‍ ആസാദ് സാലി, കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ ഹിസ്ബുല്ല എന്നിവരാണ് ആദ്യം രാജിവച്ചത്. ഇവരുടെ രാജി പ്രസിഡന്റ് സിരിസേന സ്വീകരിച്ചിട്ടുണ്ട്. ഇതിനപു പിന്നാലെയാണ് മന്ത്രിമാരും രാജിവച്ചത്. ഗവര്‍ണാര്‍മാരെയും സിരിസേന മന്ത്രിസഭയിലം മുതിര്‍ന്ന അംഗം വാണിജ്യമന്ത്രി റിഷാദ് ബതിയുദ്ദീനെയും പിരിച്ചുവിടണാവശ്യപ്പെട്ട് ബുദ്ധസന്യാസി അതുരാലിയ രത്ന ഒരാഴ്ചയായി തുടര്‍ന്നുവന്ന ‘മരണനോമ്പ് ‘ അനുഷ്ടിച്ചുവരികായയിരുന്നു. മുസ്ലിംകള്‍ക്കെതിരേ വിദ്വേഷപ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധനായ മറ്റൊരു ബുദ്ധസന്യാസിയായ ഗാലഗൊഡാട്ടെ ജ്ഞാനസാരയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം പ്രസിഡന്റ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണിയാള്‍ ജയില്‍മോചിതനായത്.

Share this news

Leave a Reply

%d bloggers like this: