എണ്ണക്കപ്പൽ ആക്രമണം: മൈന്‍ എടുത്തുമാറ്റുന്ന വീഡിയോ പുറത്തുവിട്ടു; ആക്രമിച്ചത് ഇറാന്‍ തന്നെയെന്ന വാദം ബലപ്പെടുത്തി അമേരിക്ക…

മധ്യപൂർവദേശത്തെ ആശങ്കയിലാക്കി യുഎസ് – ഇറാൻ തർക്കം പുതിയ തലത്തിലേക്ക്. ഗള്‍ഫ് മേഖലയില്‍ ഒമാന്‍ ഉള്‍ക്കടലില്‍ (ഹോര്‍മുസ് കടലിടുക്ക്‌) എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. തെളിവുകളൊന്നും നൽകാതിരുന്നതിനാല്‍ ഇറാനടക്കമുള്ള രാജ്യങ്ങള്‍ ആരോപണത്തെ തള്ളിക്കളഞ്ഞതുമാണ്. എന്നാല്‍ രണ്ട് ടാങ്കറുകളിലൊന്നിലേക്ക് ഇറാൻ സൈനിക പട്രോളിംഗ് ബോട്ട് അടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ യുഎസ് സൈനികർ പുറത്തുവിട്ടു. ഇറാൻ ദേശീയ സേനയായ റെവല്യൂഷനറി ഗാർഡിന്‍റെ അംഗങ്ങൾ പട്രോളിങ് ബോട്ടിലെത്തി കപ്പലിൽ നിന്ന് പൊട്ടാത്ത മൈൻ എടുത്തു മാറ്റുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് അമേരിക്ക പറയുന്നു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ദൃശ്യങ്ങള്‍ക്ക് തീരെ വ്യക്തതയില്ല. ബോട്ടിന്‍റെ മുന്‍വശത്ത് നിലയുറപ്പിച്ച ഒരാള്‍ ജാപ്പനീസ് ഉടമസ്ഥതയിലുള്ള കപ്പലിന്‍റെ പള്ളയില്‍നിന്നും എന്തോ വലിച്ചൂരുന്നതായി ദൃശ്യങ്ങളില്‍ ഉണ്ട്. പൊട്ടാതെ കപ്പലിനോടു ചേർന്നിരിക്കുന്ന ലിംപെറ്റ് ബോംബുകളാണത്.

എന്നാൽ കൊക്കുകയെ ആക്രമിച്ച് ഇറാനാണെന്നു കരുതുന്നില്ലെന്ന് കപ്പലുടമകളായ കൊക്കുക സാംഗ്യോ കമ്പനി പ്രസിഡന്റ് യുട്ടാക്ക കട്ടാഡ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കപ്പലിനു നേരെ ‘പറന്നുവന്ന’ രണ്ടു വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ആദ്യം ഒരു വസ്തു പറന്നുവന്നു. അതാണ് അതാണ് കപ്പലിൽ ദ്വാരമുണ്ടാക്കിയത്. തൊട്ടുപിന്നാലെ രണ്ടാമത്തെ വസ്തുവും പറന്നെത്തി പൊട്ടിത്തെറിച്ചതായാണു കപ്പൽ ജീവനക്കാർ പറഞ്ഞതെന്നും കമ്പനി വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന 25,000 ടൺ മെഥനോളിനു കുഴപ്പമൊന്നുമുണ്ടായില്ല. നിലവിൽ യുഎസ് നാവികസേനയുടെ അകമ്പടിയോടെ യു.എ.ഇ തുറമുഖമായ ഖോർ ഫക്കാനിലേക്ക് അടുക്കുകയാണ് കൊക്കുക.

എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നേരത്തെ തന്നെ പറഞ്ഞിരുന്നു. ‘ഇന്‍റലിജൻസ് റിപ്പോര്‍ട്ടുകളും ഉപയോഗിച്ച ആയുധങ്ങളും ആക്രമണ ശൈലിയും ഇറാനു നേരെയാണു വിരൽ ചൂണ്ടുന്നത്. മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരും. രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുന്നു’ – പോംപിയോ മാധ്യമപ്രവർത്തകരോടു പറഞ്ഞു. തങ്ങളല്ല ആക്രമണത്തിനു പിന്നിലെന്നു കാണിക്കാൻ തെളിവു നശീകരണത്തിന്‍റെ ഭാഗമായാണ് ഇറാൻ സൈന്യം കപ്പലിൽ നിന്ന് സ്ഫോടകവസ്തുക്കൾ നീക്കിയതെന്ന് വിഡിയോ പുറത്തുവിട്ട് യുഎസ് ആരോപിച്ചു.

അതേസമയം, ആക്രമണത്തില്‍ അടിമുടി ദുരൂഹത ആരോപിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മജ് ജവാദ് ഷെരീഫ് രംഗത്തെത്തി. മേയ് 12ന് നടന്ന ആക്രണങ്ങളിൽ പങ്കില്ല. യുഎസ്-ഇറാന്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി രാജ്യത്തെ പരമോന്നത നേതാവ് കൂടിക്കാഴ്ച നടത്തുന്ന സമയത്തായിരുന്നു ആക്രമണം. ഇതെല്ലാം സംശയം കൂട്ടുന്നതായും മന്ത്രി പറഞ്ഞു.

വ്യാഴാഴ്ച രാത്രി കപ്പലിൽ നിന്നു കാണാവുന്ന ദൂരത്തിൽ ഇറാന്‍റെ സൈനിക കപ്പല്‍ കണ്ടതായി കൊക്കുക ജീവനക്കാർ പറഞ്ഞു. എന്നാല്‍ ആക്രമണം നടത്തിയത് ഇറാനാണെന്നു പറയാനാകില്ല എന്നും അവര്‍ വ്യക്തമാക്കി. ‘മധ്യപൗരസ്ത്യ ദേശത്ത് പുതിയ സംഘർഷത്തിന് യുഎസിനു താൽപര്യമില്ല. എന്നാൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാനും രാജ്യത്തിന്റെ താൽപര്യം സംരക്ഷിക്കാനും വേണ്ടതെല്ലാം ചെയ്യും’ – സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ അര്‍ബന്‍ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി യുഎസ് ആവശ്യപ്രകാരം കപ്പലാക്രമണത്തിന്മേൽ ചർച്ച നടത്തിയെങ്കിലും തീരുമാനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: