യമനില്‍ സൗദി സഖ്യ സേനക്ക് വേണ്ടി പോരാടാന്‍ സുഡാനില്‍ നിന്നും സൗദി അറേബ്യ കുട്ടികളെ റിക്രൂട്ട് ചെയുന്നെന്ന വാദം തള്ളി അമേരിക്ക…

ബാല സൈനികരെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയെ ഉള്‍പ്പെടുത്തുന്നത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തടഞ്ഞു. യമനില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ സൗദി-യു.എ.ഇ സഖ്യം കുട്ടികളെ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തല്‍ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ നീക്കമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നീണ്ട ആഭ്യന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് അമേരിക്ക ഈ തീരുമാനം എടുത്തിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം സുരക്ഷയെക്കാള്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത് എന്ന മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശം ഇതോടെ ശക്തമായി. എണ്ണ ശക്തിയായ സൗദി അറേബ്യ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയും ആയുധ ഉപഭോക്താവുമാണ്. അതേ അവസരത്തില്‍ സൗദി അറേബ്യയുടെ പ്രാദേശിക എതിരാളിയായ ഇറാനെതിരെ പോംപിയോ രൂക്ഷമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

യമനില്‍ സൗദി സഖ്യ സേനക്ക് വേണ്ടി പോരാടാന്‍ സുഡാനില്‍ നിന്നും സൗദി അറേബ്യ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിദഗ്ധരും, മനുഷ്യാവകാശ സംഘടനകളും നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സൗദിയേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരില്‍ ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് തള്ളിക്കളയുകയായിരുന്നു. സുഡാന്‍ സേന സുഡാനീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണോ അതോ സൗദി-യുഎഇ സഖ്യത്തിന്റെ നിര്‍ദ്ദേശത്തിലാണോ എന്ന് വ്യക്തമല്ല എന്നാണ് അതിനു അവര്‍ പറഞ്ഞ കാരണമെന്നും പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷിയാ ഹൂദി വിമതര്‍ക്കെതിരെ വ്യക്തമായ അകലം പാലിച്ചുകൊണ്ട് പോരാടാന്‍ സൗദി-യു.എ.ഇ സേനയുടെ കമാന്‍ഡേഴ്സ് സുഡാനില്‍ നിന്നുള്ള സേനക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2008-ലെ ‘ചൈല്‍ഡ് സോള്‍ജിയേഴ്സ് പ്രിവന്‍ഷന്‍ ആക്ട്’ പ്രകാരം, കുട്ടിപ്പട്ടാളത്തെ ഉപയോഗിക്കുന്ന രാജ്യങ്ങളെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ‘സര്‍ക്കാര്‍ സായുധ സേനയിലെ അംഗമെന്ന നിലയില്‍ യുദ്ധങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്ന 18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും’ നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് നിയമം അനുശാസിക്കുന്നകുത്.

Share this news

Leave a Reply

%d bloggers like this: