മാലിയില്‍ അജ്ഞാതരുടെ വെടിവയ്പ്: 41 പേരെ കൂട്ടക്കൊല ചെയ്തു…

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. കുറച്ചു നാളുകളായി മാലിയില്‍ നടന്നുവരുന്ന വംശീയാതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവുമെന്ന് ഒരു പ്രാദേശിക മേയര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം യോറോ, ഗംഗഫാനി-2 എന്നീ ഗ്രാമങ്ങളിലാണ് ബൈക്കുകളില്‍ എത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്.

ഇത് മധ്യ മാലിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. പ്രാദേശിക വംശീയ സേനകള്‍ സാധാരണക്കാരായ എതിരാളികളെ ക്രൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ ഇവിടെ അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇസ്ലാംമിസ്റ്റ് ഗ്രൂപ്പുകളും ഈ പ്രദേശങ്ങളില്‍ സജീവമാണ്.

തിങ്കളാഴ്ച നടന്ന ആക്രമണത്തിന് ഇരകളായവരില്‍ കൂടുതലും ഡോഗോണ്‍ വംശജരാണെന്ന് യോറോയിലെ മേയറായ ഇസിയാക്ക ഗണമേ പറഞ്ഞു. 24 പേരാണ് അവിടെ കൊല ചെയ്യപ്പെട്ടത്. 17 പേര്‍ ഗംഗഫാനി-2വിലും കോല ചെയ്യപ്പെട്ടു. ആയുധധാരികളായ നൂറോളം പേരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.

ഫുലാനി – ഡോഗോണ്‍ വംശജര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മാലിയില്‍ ഈയിടെയായി വര്‍ധിച്ചുവരുന്നുണ്ട്. ഫുലാനികളെന്നു കരുതുന്ന ആക്രമണകാരികള്‍ കഴിഞ്ഞയാഴ്ച ഒരു ഡോഗോണ്‍ ഗ്രാമത്തില്‍ നടത്തിയ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പ്രതികാരമാകാം ഇപ്പോള്‍ നടന്ന കൊലപാതങ്ങള്‍ എന്നാണ് സംശയിക്കപ്പെടുന്നത്. മാര്‍ച്ചില്‍ ഡോഗോണ്‍ ക്രിമിനലുകള്‍ നടത്തിയ കലാപത്തില്‍ 150 ഫുളാണികളാണ് കൊലചെയ്യപ്പെട്ടത്. മാലിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രക്തരൂക്ഷിത കലാപമായാണ് അതിനെ വിലയിരുത്തുന്നത്.

Share this news

Leave a Reply

%d bloggers like this: