കണ്ണൂര്‍ ജയില്‍ റെയ്ഡ്: പിടിച്ചെടുത്തത് കഞ്ചാവ് മുതല്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ആയുധങ്ങള്‍ വരെ…

ഇന്ന് പുലര്‍ച്ചെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും തൃശൂര്‍ പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര തൃശൂര്‍ വിയ്യൂര്‍ ജയിലിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍തോതിലുള്ള ലഹരി പദാര്‍ത്ഥങ്ങളും ആയുധങ്ങളുമാണ് കണ്ടെത്തിയത്. ഇതില്‍ കഞ്ചാവ് മുതല്‍ വിദ്യാര്‍ത്ഥികളുടെ ഇന്‍സ്ട്രുമെന്റ് ബോക്സില്‍ ഉപയോഗിക്കുന്ന കോംപസ് വരെ കണ്ടെത്തി. വിയ്യൂര്‍ ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി വിവരം കിട്ടിയ യതീഷ് ചന്ദ്ര നാടകീയമായി പുലര്‍ച്ചെ നാല് മണിയോടെ ജയിലിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതില്‍ രണ്ടെണ്ണം ഉപയോഗിക്കുന്നത് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ഷാഫിയാണ്. യതീഷ് ചന്ദ്രയാണ് ഈ ഫോണുകള്‍ പിടിച്ചെടുത്തത്. രണ്ടും സ്മാര്‍ട്ട് ഫോണുകളാണ്.

കണ്ണൂര്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍ കൂടാതെ കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ, വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന ഇന്‍സ്ട്രുമെന്റ് ബോക്സിലെ കോമ്പസ് എന്നിവ കണ്ടെത്തി. റേഞ്ച് ഐജി അശോക് യാദവ്, എസ് പി പ്രതീഷ് കുമാര്‍ എന്നിവരും ഋഷിരാജ് സിംഗിന് ഒപ്പമുണ്ടായിരുന്നു. 150 പോലീസുകാരുടെ സംഘമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡിനെത്തിയത്.

2013ലും 2017ലും ഷാഫിയെ മൊബൈല്‍ ഫോണുമായി പിടികൂടിയിരുന്നു. 2013ല്‍ കോഴിക്കോട് ജയിലില്‍ ഷാഫിയടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി ആദ്യം കണ്ടെത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ആണ്. ജയിലില്‍ കിടന്നുകൊണ്ട് ഷാഫി ഫേസ്ബുക്ക് പോസ്റ്റുകള്‍ ചെയ്യുന്നതും ചാറ്റ് ചെയ്യാറുള്ളതും തെളിവുകള്‍ സഹിതം അന്ന് പുറത്തുവന്നിരുന്നു. അന്ന് ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ ഷാഫിയെ വിളിച്ചപ്പോള്‍ ജയിലില്‍ കിടക്കുന്ന ഷാഫി ഫോണ്‍ അറ്റന്‍ഡ് ചെയ്ത് സംസാരിച്ചതും വാര്‍ത്തയായി.

2017ല്‍ ഇതേ പ്രതികള്‍ തന്നെ വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കൊടി സുനി, ടി കെ രജീഷ് എന്നിവര് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികള്‍ ജയിലിനുള്ളില്‍ സിഗരറ്റ് വലിക്കുന്നതും സിസിടിവി ക്യാമറകളില്‍ തെളിഞ്ഞു.

ഇന്ന് കണ്ണൂര്‍ ജയിലില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങളില്‍ ചുറ്റിക മുതല്‍ കോമ്പസ് വരെയുള്ളവയാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍ ജയിലില്‍ തടവുകാര്‍ പിരിവിട്ട് ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അപ്രതീക്ഷിത റെയ്ഡുണ്ടായത്. ജയിലിനുള്ളില്‍ കുറ്റവാളികള്‍ ക്വട്ടേഷനുകള്‍ എടുക്കുന്നുണ്ടെന്നും ജയിലില്‍ കിടന്ന് തന്നെ ഇത് ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നുമുള്ളതിനും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ജയില്‍ അധികൃതരുടെ സഹായത്തോടെയാണ് തടവുകാര്‍ നിയമവരുദ്ധമായി മൊബൈല്‍ ഫോണുകളും ആയുധങ്ങളും ലഹരിയുമെല്ലാം എത്തിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: