ഇന്ത്യ-ഇസ്രായേല്‍ ടാങ്ക് വേധ മിസൈല്‍: കരാറില്‍ നിന്ന് പിന്മാറി ഇന്ത്യ; മിസൈല്‍ ഇനി ഡി.ആര്‍.ഡി.ഓ നിര്‍മ്മിക്കും…

ഇസ്രയേലില്‍ നിന്ന് ടാങ്ക് വേധ മിസൈലുകള്‍ വാങ്ങാനുള്ള 500 മില്യണ്‍ ഡോളറിന്റ (ഏതാണ്ട് 34,79,01,00,000 ഇന്ത്യന്‍ രൂപ) കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി. റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് എന്ന കമ്പനിയില്‍ നിന്നാണ് സ്പൈക്ക് ആന്റി ടാങ്ക് മിസൈലുകള്‍ വാങ്ങാനിരുന്നത്. രണ്ട് വര്‍ഷത്തിനകം ആന്റി ടാങ്ക് മിസൈലുകള്‍ നിര്‍മ്മിക്കാമെന്ന് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) അറിയിച്ചതിനെ തുടര്‍ന്നാണിത്. കരാറില്‍ നിന്ന് പിന്മാറുന്നതായി ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു. വിഇഎം ടെക്നോളജീസ് ലിമിറ്റഡുമായി ചേര്‍ന്ന് കുറഞ്ഞ ചിലവില്‍ ആന്റി ടാങ്ക് മിസൈലുകള്‍ വികസിപ്പിക്കാനാണ് ഡിആര്‍ഡിഒയുടെ പദ്ധതി.

മാന്‍ പോര്‍ട്ടബിള്‍ ആന്റി ടാങ്ക് മിസൈല്‍ (എംപിഎടിജിഎം) വികസിപ്പിക്കുന്നതില്‍ ഡിആര്‍ഡിഒയുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടുപോകുന്നതിനാലാണ് ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം ഘട്ട പരീക്ഷണം ഡിആര്‍ഡിഒ പൂര്‍ത്തിയാക്കി. കഴിഞ്ഞ സെപ്റ്റംബറില്‍ അഹമ്മദ് നഗര്‍ മേഖലയില്‍ നിന്ന് ഇത്തരം ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.

നിശ്ചിത സമയപരിധിക്കുള്ളില്‍ ആന്റി ടാങ്ക് മിസൈലുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഡിആര്‍ഡിഒയ്ക്ക് കഴിയുമോ ന്നെ കാര്യത്തില്‍ ആര്‍മി ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിരോധ മന്ത്രാലയം ഡിആര്‍ഡിഒയെയാണ് തിരഞ്ഞെടുത്തത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണിത്. വിദേശത്ത് നിന്നുള്ള വേഗത്തിലുള്ള ഇറക്കുമതിയേക്കാള്‍ തദ്ദേശീയ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക എന്ന നയമാണ് ഇതിന് പിന്നില്‍. റാഫേല്‍ കരാറിലെ അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഇതിന് പ്രേരണയായിട്ടുണ്ട്.

അതേസമയം സ്പൈക്ക് മിസൈലിന്റെ പ്രവര്‍ത്തനക്ഷമത, ഇന്ത്യയിലെ ഉയര്‍ന്ന താപനിലയില്‍ പ്രത്യേകിച്ച് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മരുഭൂമി മേഖലയിലെല്ലാം ഈ മിസൈല്‍ എത്രത്തോളം ഫലപ്രദമായിരിക്കും എന്ന കാര്യത്തില്‍ ആര്‍മി സംശയവും പ്രകടിപ്പിച്ചിരുന്നു. ഇന്‍ഫ്രാ റെഡ് സംവിധാനം ഫലപ്രദമാണ് എന്ന് തെളിയിക്കുന്നതിനായി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സമയത്താണ് 2021നകം ആയിരത്തോളം എംപിഎടിജിഎമ്മുകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്ന് ഡിആര്‍ഡിഒ അവകാശപ്പെടുന്നത്. റാഫേല്‍ സ്പൈക്ക് മിസൈലുകള്‍ എത്താനും ഏതാണ് ഈ സമയത്തോട് അടുത്താകും.

ഇസ്രയേലില്‍ നിന്ന് 321 സ്പൈക്ക് ലോഞ്ചറുകളും 8356 മിസൈലുകളും വാങ്ങാനുള്ള കരാര്‍ 2014 ഒക്ടോബറില്‍ ആദ്യം മാറ്റിവച്ചിരുന്നു. യുഎസില്‍ നിന്ന് എഫ്ജിഎം 148 ജാവലിന്‍ മിസൈലുകള്‍ വാങ്ങാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ഡിആര്‍ഡിഒയ്ക്ക് വേണ്ടി 2017 ഡിസംബറില്‍ ഇത് റദ്ദാക്കി. 2018 ജനുവരിയില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനത്തോടെ ഇത് വീണ്ടും ഇസ്രയേലുമായുള്ള കരാറിലേയ്ക്കെത്തി. കല്യാണി ഗ്രൂപ്പുമായി ചേര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു ഉല്‍പ്പാദന ഫാക്ടറിയും തുറന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: