മ്യാന്മറിലെ റാഖൈനില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു; ബുദ്ധമത ഭരണം ആവശ്യപ്പെടുന്ന ‘അരകാന്‍ ആര്‍മി’യുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു…

മ്യാന്‍മറിലെ സംഘര്‍ഷഭരിതമായ റാഖൈന്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത് നിര്‍ത്താന്‍ അധികൃതര്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളോട് ആവശ്യപ്പെട്ടു. ഒരു ദശലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ മൂന്നു ദിവസമായി വിവര കൈമാറ്റ സാഹചര്യങ്ങളൊന്നുമില്ലാതെ ബുദ്ധിമുട്ടിലായത്. പൌരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ നടപടിയെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

ജൂണ്‍ 21-ന് യാതൊരു മുന്നറിയിപ്പില്ലാതെയാണ് ഇന്റര്‍നെറ്റ് സേവനം അവസാനിപ്പിച്ചത്. വടക്കന്‍ മേഖലയിലുള്ള റാഖൈന്‍ സംസ്ഥാനത്തിലും, തെക്കന്‍ മേഖലയിലുള്ള ചിന്‍ സംസ്ഥാനത്തിലുമായി ഒമ്പത് ടൗണ്‍ഷിപ്പുകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മ്യാന്‍മറിലെ ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയം നാല് കമ്പനികളോട് ഉത്തരവിട്ടിരുന്നു. തൊട്ടു പിറകെ പൂര്‍ണ്ണനിയന്ത്രണം കൊണ്ടുവരികയായിരുന്നു.

റാഖൈന്‍ ബുദ്ധമതക്കാര്‍ക്ക് രാഷ്ട്രീയ സ്വയംഭരണാവകാശം ആവശ്യപ്പെടുന്ന വിമത വിഭാഗമായ അരകാന്‍ ആര്‍മിയുമായി (എഎ) സൈന്യം ഒരു വര്‍ഷമായി സംഘര്‍ഷത്തിലാണ്. സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞ ആറ് മാസത്തിനിടെ 30,000 സിവിലിയന്മാരെ മാറ്റിപ്പാര്‍പ്പിച്ചതായി യുഎന്‍ ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് അറിയിച്ചു. 2017 മുതല്‍ 730,000 റോഹിംഗ്യന്‍ മുസ്ലിംകളെ ആസൂത്രിതമായി നിഷ്‌കാസനം ചെയ്തതും ഈ മേഖലയിലാണ്. വംശഹത്യയെന്ന ഉദ്ദേശ്യത്തോടെയാണ് സൈന്യം റോഹിംഗ്യന്‍ വംശത്തിനെതിരെ പ്രവര്‍ത്തിച്ചതെന്ന് യു.എന്‍ അന്വേഷകര്‍ പറഞ്ഞിരുന്നു. റോഹിംഗ്യന്‍ വിമത സേനയെക്കാള്‍ വലുതും ശക്തവും അപകടകാരികളുമാണ് അരകാന്‍ ആര്‍മി.

‘അടിയന്തിര സാഹചര്യങ്ങളില്‍ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കാന്‍ മന്ത്രാലയത്തിനു കഴിയുമെന്ന്’ സെക്രട്ടറി സോ തീന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശത്ത് സമാധാനവും സ്ഥിരതയും പുന:സ്ഥാപിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനവും പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ നാല് ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളില്‍ ഒരു കമ്പനി മാത്രമാണ് ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട് പരസ്യമായി അംഗീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: