നേതാക്കള്‍ ഇല്ലാതെ ഹോങ്കോങ് പ്രക്ഷോഭം ശക്തമാകുന്നു: നിയമനിര്‍മ്മാണ സഭയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി…

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനല്‍കാനുള്ള ബില്ലിനെതിരെ ഹോങ്കോങ്ങില്‍ ആരംഭിച്ച ജനകീയപ്രക്ഷോഭത്തിന്റെ ഗതി മാറുന്നു. നിയമസഭയിലേക്ക് അതിക്രമിച്ചു കയറിയ ഒരു ചെറിയ സംഘം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ കെട്ടിടത്തിന്റെ ചില്ലുവാതിലുകള്‍ തകര്‍ത്തു. അകത്ത് ഇടിച്ചുകയറിയവര്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ചേംബറില്‍ സ്‌പ്രേ പേയിന്റ്‌കൊണ്ട് മുദ്രാവാക്യങ്ങളെഴുതി. നഗരത്തെ 1997-ല്‍ ചൈനയുടെ കീഴിലേക്കു മടക്കിക്കൊണ്ടുവന്നതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടനങ്ങളാണ് ചിലയിടങ്ങളില്‍ അക്രമാസക്തമായത്.

സായുധരായ പ്രതിഷേധക്കാരില്‍ ചിലര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവരോട് അനുഭാവമുള്ള ചില മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ പിന്‍മാറാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതൊന്നും പ്രധിഷേധക്കാര്‍ കൂട്ടാക്കിയില്ല. ഇതോടെ മാസങ്ങളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭം കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്.

നേതാക്കള്‍ ഇല്ലാതെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു പ്രക്ഷോഭകര്‍. എന്‍ക്രിപ്റ്റുചെയ്ത സന്ദേശങ്ങള്‍ കൈമാറിയാണ് അവര്‍ പരസ്പരം ആളെകൂട്ടിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കുമ്പോഴും സമരത്തിന്റെ ലക്ഷ്യങ്ങളോടും തന്ത്രങ്ങളോടും ചിലര്‍ വിയോജിച്ചു നില്‍ക്കുന്നു. ചര്‍ച്ചകളില്‍ സ്ഥിരമായൊരു നിലപാടെടുക്കാന്‍ കഴിയാതെ വരുന്നു. ‘ഇപ്പോള്‍ കൂടുതല്‍ വിട്ടുവീഴ്ചയില്ലാ മനോഭാവത്തോടെ പ്രതികരിക്കാന്‍ ചൈനക്ക് കുറെ ന്യായീകരണങ്ങള്‍ ഉണ്ടായി’ എന്ന് ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് സര്‍വകലാശാലയിലെ രാഷ്ട്രതന്ത്ര അദ്ധ്യാപകന്‍ ജീന്‍ പിയറി കാബസ്റ്റന്‍ പറയുന്നു.

സമൂഹ മാധ്യമങ്ങള്‍ നിറയെ പ്രതിഷേധക്കാര്‍ അഹിംസാത്മക രീതികളിലേക്ക് മടങ്ങിവരണമെന്ന അഭ്യര്‍ത്ഥനകള്‍ നിറയുകയാണ്. അക്രമത്തെ അപലപിച്ച ഹോങ് കോങ് ഭരണാധിപ കാരി ലാം പോലീസ് സ്വീകരിച്ച സംയമനത്തെ അഭിനന്ദിച്ചു. ഇന്നലെ, പ്രക്ഷോഭകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അവരുടെ ആശങ്കകള്‍ക്കു പരിഹാരം ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ചൈനയുടെ പാവയായ കാരി ലാം രാജിവയ്ക്കണമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ബില്ലിനെതിരെ പ്രക്ഷോഭം തുടങ്ങിയിട്ട് ആഴ്ചകളായി. കഴിഞ്ഞമാസം 12-ന് നടന്ന വന്‍പ്രക്ഷോഭത്തില്‍ ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രക്ഷോഭകര്‍ക്കു നേരെ അന്ന് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: