റെക്കോര്‍ഡുകള്‍ തകര്‍ത്ത് രോഹിത് ശര്‍മ്മ നാലാം സെഞ്ച്വറിയിലേക്ക്

ബര്‍മ്മിങ്ഹാം:ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് രോഹിത് ശര്‍മ്മ. ഒരു ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി നാല് സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍ ആയിരിക്കുകയാണ് രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളോടാണ് ഇത് വരെ രോഹിത് സെഞ്ച്വറി നേടിയിരുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയപ്പോള്‍ രോഹിത് ഗാംഗുലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുള്ള രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഗാംഗുലിയും രോഹിതും. ബംഗ്ലാദേശിനെതിരെ ഒരു കടമ്പ കൂടി കടന്ന് സെഞ്ച്വറി നേട്ടം നാലാക്കിയിരിക്കുകയാണ് താരം. ഏകദിനത്തില്‍ രോഹിത് ശര്‍മ നേടുന്ന 26ാമത് സെഞ്ച്വറിയാണിത്.

ഏഴ് ഫോറുകളും അഞ്ച് സിക്‌സറും അടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. 92 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത് രോഹിത് പുറത്തായി. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും താരം ഒന്നാമതെത്തി. രോഹിത് ശര്‍മയും കെഎല്‍ രാഹുലും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ മറ്റൊരു റെക്കോര്‍ഡും കൂടി സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 180 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ലോകകപ്പില്‍ ഇത് വരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 174 റണ്‍സായിരുന്നു. അതാണ് ഇരുവരും ചേര്‍ന്ന് മറികടന്നത്.

Share this news

Leave a Reply

%d bloggers like this: