കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജി വച്ചു; ഇടക്കാല പ്രസിഡന്റ് മോത്തിലാല്‍ വോറ…

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചു. ഔദ്യോഗികമായി രാജിക്കത്ത് നല്‍കി. ഇടക്കാല പ്രസിഡന്റായി മോത്തിലാല്‍ വോറയെ നിയമിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുല്‍ ഗാന്ധി മേയ് 25ന് പ്രവര്‍ത്തകസമിതി യോഗത്തില്‍ രാജി പ്രഖ്യാപിച്ചിരുന്നു. ആറ് പേജുള്ള കത്താണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് താന്‍ ഉത്തരവാദിയാണ് എന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നു. വിശ്വാസ്യത ഉറപ്പുവരുത്തേണ്ടത് നമ്മുടെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ഇതുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്നും രാഹുല്‍ പറയുന്നു. പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരും. വലിയൊരു വിഭാഗം നേതാക്കള്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകേണ്ടതുണ്ട്. മറ്റുള്ളവര്‍ മാത്രം ഉത്തരവാദിത്തമേറ്റെടുത്ത് ഞാന്‍ അതില്‍ നിന്ന് മാറിനില്‍ക്കുന്നത് ശരിയല്ല

  • രാഹുല്‍ ഗാന്ധി പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനെ അടക്കം ദുരുപയോഗം ചെയ്തും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയുമാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്ന് രാഹുല്‍ ഗാന്ധി പറയുന്നു. കോണ്‍ഗ്രസിന് സമൂല പരിവര്‍ത്തനം അനിവാര്യമാണ്. ബിജെപി അടിച്ചമര്‍ത്തുന്നവരുടെ ശബ്ദമാവണം കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് സമൂല പരിവര്‍ത്തനം അനിവാര്യമാണ്. ബിജെപി അടിച്ചമര്‍ത്തുന്നവരുടെ ശബ്ദമാവണം കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ഏത് ആവശ്യത്തിന് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധനായി ഞാനിവിടെയുണ്ട്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി – രാഹുല്‍ ഗാന്ധി കുറിച്ചു. രാജ്യത്തെ നിലനിര്‍ത്തുന്ന മൂല്യങ്ങള്‍ക്കും ഭരണഘടനയ്ക്കുമെതിരെ ആര്‍എസ്എസ് നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്നും ശക്തമായി നേരിടുമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

2013 ജനുവരിയില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആയ രാഹുല്‍ ഗാന്ധി, 2017 ഡിസംബറിലാണ് കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റത്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും 15 വര്‍ഷത്തിന് ശേഷം ഛത്തീസ്ഗഡിലും മധ്യപ്രദേശിലും അധികാരം തിരിച്ചുപിടിച്ചതും രാജസ്ഥാനില്‍ അധികാരത്തില്‍ തിരിച്ചുവന്നതുമാണ് രാഹുല്‍ പ്രസിഡന്റായിരിക്കെ കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയിലെ ഈ തിരിച്ചുവരവ് ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. വന്‍ വിജയം നേടിയ സംസ്ഥാനങ്ങളില്‍ ഒന്നോ രണ്ടോ സീറ്റുകളിലൊതുങ്ങിയ കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും പൂജ്യമായി.

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരും. നേരത്തെ ലോക്സഭ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിച്ചതോടെ ബംഗാളില്‍ നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയെ ലോക്സഭ നേതാവാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: