മലാല യൂസഫ് സായിയോടൊപ്പം ചിത്രമെടുത്തതിന് ക്യൂബെക്ക് മന്ത്രി വിവാദത്തില്‍; ‘മതേതര നിയമം’ ലംഘിച്ചെന്ന് ആക്ഷേപം…

നോബല്‍ സമ്മാന ജേതാവും വിദ്യാഭ്യാസ പ്രചാരകയുമായ മലാല യൂസഫ് സായിയോടൊപ്പം ചിത്രമെടുത്തതിന് ക്യൂബെക്ക് മന്ത്രി വിവാദത്തില്‍. തട്ടമിട്ട മലാലയോടൊപ്പം പടം എടുത്ത മന്ത്രി രാജ്യത്തെ നിയമം ലംഘിച്ചിരിക്കയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. ഉദ്യോഗസ്ഥരും അധ്യാപകരുമടക്കമുള്ളവര്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നത് വിലക്കികൊണ്ടുള്ള നിയമം ക്യൂബെക്ക് ഈയിടെ പാസ്സാക്കിയിരുന്നു. ‘മതേതര നിയമം’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഈ നിയമത്തിന്റെ ലംഘനമാണ് ജീന്‍ ഫ്രാങ്കോയിസ് റോബര്‍ജ് നടത്തിയിരിക്കുന്നതെന്നാണ് വിമര്‍ശനം. ക്യൂബെക്ക് സന്ദര്‍ശിച്ച മലാലയോടപ്പമാണ് മന്ത്രി പടം എടുത്തത്. ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് മലാലയോടൊപ്പമുള്ള ചിത്രം മന്ത്രി പ്രസിദ്ധീകരിച്ചത്.

സിഖുകാര്‍ ഉപയോഗിക്കുന്ന തലപ്പാവ് ഹിജാബ് എന്നിങ്ങനെയുള്ള മത ചിഹ്നങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കൊണ്ടാണ് കഴിഞ്ഞമാസം നിയമം പാസ്സാക്കിയത്. ജഡ്ജിമാര്‍, പൊലീസുകാര്‍, ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ മതചിഹ്നം ഉപയോഗിക്കുന്നത് വിലക്കിയാണ് നിയമം പാസ്സാക്കിയത്.

ഏതെങ്കിലും ഒരു പ്രത്യേക മതത്തെക്കുറിച്ച് നിയമത്തില്‍ പറയുന്നില്ലെങ്കിലും ഇത് മുസ്ലീം മതവിശ്വാസികളായ സ്ത്രീകളെ ലക്ഷ്യമിടുന്നതാണെന്നാണ് ആരോപണം. എന്നാല്‍ ഭരണകൂടവും മതവും തമ്മിലുള്ള അതിരുകള്‍ നിശ്ചയിക്കുക മാത്രമാണ് നിയമം ലക്ഷ്യമിടുന്നതെന്നാണ് നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. തട്ടമിട്ട മലാലയൊടൊപ്പം പടം എടുത്ത് പ്രസിദ്ധീകരിക്കുക വഴി നിയമലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലാണ് വിമര്‍ശനം കാര്യമായി ഉയര്‍ന്നത്.

നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അത് ക്യൂബെക്കില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. വ്യാപകമായ വിമര്‍ശനം നേരിട്ടെങ്കിലും നിയമത്തെ മന്ത്രി ജീന്‍ ഫ്രാങ്കോയിസ് റോബര്‍ജ് ന്യായീകരിച്ചു. ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: