തിരുസഭക്കുള്ളിലെ രാഷ്ട്രീയ ചുവടുകള്‍: അതിരൂപതയിലെ തര്‍ക്കം പുതിയ തലത്തിലേക്ക്; ആലഞ്ചേരിക്കെതിരായ പ്രമേയം പള്ളികളില്‍ വായിക്കാന്‍ വിമത വൈദികര്‍…

സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരിക്കെതിരായ വൈദികരുടെ പ്രതിഷേധം പുതിയ തലത്തിലേക്ക്. രൂപതയിലെ പള്ളികളില്‍ ആലഞ്ചേരിക്കെതിരായ പ്രമേയം വായിക്കാനാണ് വിമത വൈദികരുടെ നീക്കം. വിശ്വാസികളെ രംഗത്തിറക്കി ആലഞ്ചേരിക്കെതിരായ നീക്കം ശക്തിപ്പെടുത്താനാണ് ആലോചന.

കര്‍ദ്ദിനാള്‍ ഭരണ ചുമതലയോടെ തിരിച്ചുവന്നതും അതിനു ശേഷം എറണാകുളം-അങ്കമാലി അതിരൂപതയിലെ രണ്ടു സഹായമെത്രാന്‍ മാരെ പുറത്താക്കിയതുമാണ് പ്രതിഷേധത്തിന് കാരണമായത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 200-ഓളം വൈദികര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. സഭയില്‍ മുമ്പെങ്ങും ഇല്ലാത്ത ഒരു സാഹചര്യമാണ് ഇതു സൃഷ്ടിച്ചത്. അതിരൂപതയ്ക്ക് കീഴിലെ 280 ഇടവകകളില്‍ കര്‍ദ്ദിനാളിനെതിരായ പ്രമേയം അവതരിപ്പിച്ച് പാസ്സാക്കാനാണ് വൈദികരുടെ നീക്കം. ഇതിന് ശേഷം പ്രതിഷേധവുമായി പൊതു സമൂഹത്തിലേക്ക് ഇറങ്ങാനും ഇവര്‍ ആലോചിക്കുന്നുണ്ട്.

എന്നാല്‍ ഇതിനെ പ്രതിരോധിക്കാനാണ് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവര്‍ ആലോചിക്കുന്നത്. കര്‍ദ്ദിനാളിനെതിരായ പ്രമേയം പള്ളികളില്‍ വായിക്കുന്നത് ഒഴിവാക്കാന്‍ ഫെറാനാ ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന സ്ഥിരം സിനഡില്‍ അതിരൂപതയുടെ വികാരി ജനറല്‍ ഫാ. ഡോ. ജോസ് പുതിയേടത്ത്, ചാന്‍സലര്‍ ഫാ. ഡോ. ജോസ് പൊള്ളയില്‍ എന്നിവരെ സിനഡ് നടന്ന സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലേക്കു വിളിച്ചു വരുത്തി ഇക്കാര്യം ധരിപ്പിച്ചു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് ആലോചിക്കുന്നത്. വിമതര്‍ സഹകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ വത്തിക്കാനെ സ്ഥിതിഗതികള്‍ ധരിപ്പിക്കാനുമാണ് ഇവരുടെ ആലോചന. ഇക്കാര്യം ഇന്നലെത്തെ സിനഡില്‍ തീരുമാനിച്ചതായാണ് സൂചന.

അതേസമയം, തനിക്കെതിരെ ഒരു വിഭാഗം വൈദികര്‍ പ്രതിഷേധവുമായി രംഗത്തുള്ളതില്‍ ആശങ്കയുണ്ടെന്ന് ആലഞ്ചേരി ഇന്നലെ നടന്ന സിനഡില്‍ വ്യക്തമാക്കി. ഇക്കാര്യം സിനഡ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് വേണം എന്ന വിമതവൈദികരുടെ ആവശ്യവും ആലഞ്ചേരി ഉയര്‍ത്തിയ ആശങ്കയും അടുത്ത മാസം ചേരുന്ന സമ്പൂര്‍ണ സിനഡില്‍ ചര്‍ച്ച ചെയ്യും. വ്യാജരേഖ കേസ് സംബന്ധിച്ചുള്ള കാര്യങ്ങളും ആലഞ്ചേരി ഇന്നലെ ഉന്നയിച്ചതായാണ് വിവരം.

മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ ചേരുന്നതാണു സ്ഥിരം സിനഡ്. മാര്‍ മനത്തോടത്ത് വത്തിക്കാനില്‍ ആയതിനാല്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ഇന്നലെ നടന്ന സിനഡില്‍ പങ്കെടുത്തത്. അതേസമയം, എറണാകുളം തൃക്കാക്കരയിലെ വിവാദ ഭൂമി ഇടപാടില്‍ ആലഞ്ചേരിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും. എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വ്യാജപട്ടയം ഉണ്ടാക്കിയെന്ന കേസ് പരിഗണിക്കുക.

Share this news

Leave a Reply

%d bloggers like this: