2020 ലെ യുഎസ് സെന്‍സസ് ചോദ്യാവലിയിലേക്ക് പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേര്‍ക്കുന്നതില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറി.

2020ലെ യുഎസ് സെന്‍സസ് ചോദ്യാവലിയില്‍ പൗരത്വ ചോദ്യം ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് ട്രംപ് പിന്മാറി. പകരം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ താമസിക്കുന്ന പൗരന്മാരുടെയും പൗരന്മാരല്ലാത്തവരുടെയും എണ്ണം കണക്കാക്കുന്നതിനായി സര്‍ക്കാര്‍ രേഖകള്‍ പങ്കിടാന്‍ ഫെഡറല്‍ ഏജന്‍സികളോട് നിര്‍ദ്ദേശിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന സെന്‍സസില്‍ പൗരത്വത്തെക്കുറിച്ചുള്ള ചോദ്യം ചേര്‍ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തെ സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു. അത് നിറത്തിന്റെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരുടെ എണ്ണമെടുക്കുന്നതിനു കാരണമാകുമെന്ന് പൗരാവകാശ സംഘടനകളും സെന്‍സസ് ബ്യൂറോയും അഭിപ്രായപ്പെട്ടിരുന്നു. ഇതര മാര്‍ഗ്ഗങ്ങളിലൂടെ വിവരശേഖരണം നടത്താനുള്ള ട്രംപിന്റെ ശ്രമങ്ങളെ പൗരാവകാശ പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തു. ‘അത് കഴിഞ്ഞു. ഞങ്ങള്‍ വിജയിച്ചു’ എന്നാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ വോട്ടിംഗ് റൈറ്റ്‌സ് പ്രോജക്റ്റിന്റെ ഡയറക്ടര്‍ ഡെയ്ല്‍ ഹോ ട്വിറ്ററില്‍ കുറിച്ചത്. ട്രംപും അറ്റോര്‍ണി ജനറല്‍ വില്യം ബാറും ഈ തീരുമാനത്തെ വളരെ പ്രായോഗികം എന്നാണു വിശേഷിപ്പിച്ചത്.

ചോദ്യം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ പരിഹരിക്കാന്‍ മതിയായ സമയമില്ലെന്നതാണ് പിന്മാറ്റത്തിന്റെ പ്രധാന കാരണം. പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കാന്‍ ഒരു പുതിയ മാര്‍ഗം കണ്ടെത്താന്‍ തന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിക്കുമെന്ന് ട്രംപ് മുമ്പ് പ്രതിജ്ഞ ചെയ്തിരുന്നു. അത് സുപ്രീം കോടതിയുടെ വിധിയെ ധിക്കരിക്കാനുള്ള ശ്രമമാണെന്ന ആശങ്ക ഉയര്‍ത്തിയതുമാണ്.

കഴിഞ്ഞമാസം ട്രംപിനെതിരായ കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. ‘വോട്ടവകാശം സംരക്ഷിക്കുക’ എന്ന വാദമുയര്‍ത്തി പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യം ചേര്‍ക്കുന്നതിനുള്ള വാണിജ്യ വകുപ്പിന്റെ യുക്തി അസാധാരണവും ശ്രദ്ധ തിരിക്കുന്നതുമാണെന്നാണ് കോടതി പറഞ്ഞത്. അത്തരമൊരു ചോദ്യം അഭൂതപൂര്‍വമായി ഉള്‍പ്പെടുത്തുന്നത് അമേരിക്കന്‍ ജനസംഖ്യയില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോയുടെ ഗവേഷണം ഉദ്ധരിച്ച് മറുഭാഗം വാദിച്ചു. അത് ന്യൂനപക്ഷ കുടിയേറ്റ സമുദായങ്ങളെയാണ് കൂടുതലും ബാധിക്കുകയെന്നും, ബാലറ്റ് ബോക്‌സില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഗുണമുണ്ടാവുകയെന്നും വാദമുയര്‍ന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: