മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്നും മൂന്ന് വര്‍ഷം കൊണ്ട് ബാങ്കുകള്‍ പിരിച്ചെടുത്തത് പതിനായിരം കോടി

ന്യൂഡല്‍ഹി : സേവിംങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിഷ്‌കര്‍ഷിക്കപ്പെട്ട തുക സൂക്ഷിക്കാത്തതിനാല്‍ ബാങ്കുകള്‍ ജനങ്ങളില്‍നിന്ന് മൂന്ന് വര്‍ഷത്തിനിടെ പിടിച്ചെടുത്തത് 10,000 കോടി രൂപ. ദേശസാല്‍ക്കൃത ബാങ്കുകള്‍ ഉള്‍പ്പെടെ 22 ഷെഡ്യൂള്‍ഡ് ബാങ്കുകളാണ് ഇത്രയും തുക ഇടപാടുകാരില്‍നിന്ന് പിടിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2018-19 ല്‍ പൊതുമേഖലാ ബാങ്കുകള്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത തുകയില്‍ കുറവു വന്നപ്പോള്‍ സ്വകാര്യ ബാങ്കുകള്‍ പിടിച്ചെടുത്ത പണത്തില്‍ വര്‍ധനയുണ്ടായി.

സാധാരണ ബാങ്ക് ഇടപാടുകാര്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ ഒരു തുക സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പല ബാങ്കുകളില്‍ പല രീതിയിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അര്‍ധ നഗരമേഖലകളില്‍ പ്രതിമാസം ഇത് 3000 രൂപയാണ്. ഗ്രാമീണ മേഖലകളില്‍ 2000 രൂപയും. എന്നാല്‍ സ്വകാര്യ ബാങ്കുകളില്‍ ഇത് കൂടുതലാണ്. എച്ച്ഡിഎഫ്സിയില്‍ മെട്രോ നഗരങ്ങളില്‍ 10000 രൂപയും അര്‍ധ നഗരമേഖലകളില്‍ 5000 രൂപയാണ് മിനിമം ബാലന്‍സ്. ഗ്രാമീണ മേഖലകളില്‍ എച്ച്ഡിഎഫ്സിയുടെ മിനിമം ബാലന്‍സ് 2000 രൂപയാണ്.

ഐസിഐസിഐ ബാങ്കിലും മെട്രോ നഗരങ്ങളില്‍ 10000 രൂപയാണ മിനിമം ബാലന്‍സ്. അര്‍ധ നഗര പ്രദേശങ്ങളില്‍ 5000 രൂപയും ഗ്രാമീണ മേഖലകളില്‍ 2500 രൂപയാണ് സേവിംങ് ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം തുക.
അക്കൗണ്ടുകളില്‍ മിനിമം തുക സൂക്ഷിച്ചില്ലെങ്കില്‍ എസ്ബിഐ അഞ്ച് മുതല്‍ 15 രൂപവരെയാണ് പിഴ ഈടാക്കാറുളളത്. എച്ച്ഡിഎഫ്സിയില്‍ 150 രൂപ മുതല്‍ 600 വരെയാണ് നഗര മേഖലകളില്‍ പിഴ. ഗ്രാമ പ്രദേശങ്ങളില്‍ ഇത് 270 മുതല്‍ 450 വരെയുമാണ്. ഐസിഐസിഐയില്‍ നൂറു രൂപയും എത്ര തുകയാണോ മിനിമം ബാലന്‍സില്‍ കുറവ് അതിന്റെ അഞ്ച് ശതമാനവുമാണ് നഗരമേഖലകളിലെ പിഴ.

Share this news

Leave a Reply

%d bloggers like this: