കൊച്ചി മേയര്‍ സൗമിനി ജെയ്നെ തല്‍ സ്ഥാനത്തുനിന്നും മാറ്റുന്നു

കൊച്ചി : കൊച്ചി മേയര്‍ സൗമിനി ജെയ്നെ മാറ്റാന്‍ എ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തില്‍ തീരുമാനം. കൊച്ചി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും, മുതിര്‍ന്ന നേതാക്കളും തീരുമാനമെടുത്തതെന്ന് വിവിധ ന്യൂസ് ചാനലുകള്‍ റിപ്പോര്‍ട് ചെയ്യുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന രഹസ്യ യോഗത്തിന് യുഡിഎഫ് കണ്‍വീനര്‍ ബെന്നീ ബഹനാന്‍ എംപിയാണ് നേതൃത്യം നല്‍കിയത്.

കൊച്ചി കോര്‍പ്പറേഷന്റെ ഭരണം കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ രണ്ടര വര്‍ഷം സാമിനി ജെയ്നേയും, രണ്ടര വര്‍ഷം ഷൈനീ മാത്യൂവിനേയും മേയറാക്കാനായിരുന്നു ധാരണ. എന്നാല്‍ അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരന്‍ ഈ തീരുമാനം എതിര്‍ത്തത്തോടെയാണ് സൗമിനി ജെയ്ന്‍ മേയറായി തുടര്‍ന്നത്.

ഇപ്പോള്‍ അവസാനത്തെ ഒരു വര്‍ഷമെങ്കിലും മേയറാക്കിയില്ലെങ്കില്‍ താനും കൂടെ ഏതാനും കൗണ്‍സിലര്‍മാരും രാജിവയ്ക്കുമെന്ന് ഷൈനി മാത്യൂ ഭീഷണി മുഴക്കിയതോടെയാണ് സൗമിനി ജെയ്നെ മാറ്റാന്‍ എഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചത്. സൗമിനി ജെയ്നെ 2 ആഴ്ച്ചയ്ക്കുള്ളില്‍ രാജിവപ്പിച്ച് ഷൈനി മാത്യൂവിനെ മേയറാക്കാനാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.

എ ഗ്രൂപ്പിലെ 18 കൗണ്‍സിലര്‍മാരില്‍ സൗമിനി ജെയ്നും, ഷൈനി മാത്യൂവും ഒഴികെ മറ്റെല്ലാവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ബെന്നി ബഹനാനെ കൂടാതെ മുന്‍ മന്ത്രി കെ ബാബു, ഡോമിനിക്ക് പ്രസന്റേഷന്‍, ടോണി ചമ്മിണി തുടങ്ങിയവരും യോഗത്തില്‍ എത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: