ആഴക്കടലിലെ ശത്രുത: യുറോപ്യന്‍ കപ്പലുകളുടെ സാന്നിധ്യം പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് ഇറാന്‍….

കപ്പലുകള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്കിടയിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ സംരക്ഷണം നല്‍കണമെന്ന ബ്രിട്ടന്റെ നിര്‍ദേശം പ്രകോപനപരവും ശത്രുതാപരവുമാണെന്ന് ഇറാന്‍. സുപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ബ്രിട്ടീഷ് പതാകയുള്ള കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ റോയല്‍ നേവി യുദ്ധക്കപ്പല്‍ ഗള്‍ഫിലെത്തിയിരുന്നു.

നിലവില്‍ ഗള്‍ഫ് മേഖലയിലുള്ള യുദ്ധക്കപ്പലായ എച്ച്എംഎസ് മോണ്‍ട്രോസിനു പുറമെ എച്ച്എംഎസ് ഡങ്കനും നാവിഗേഷന്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ടുവെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ‘കപ്പലുകള്‍ക്ക് യൂറോപ്യന്‍ നാവികസംഘം അകമ്പടിപോകണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചെന്നു കേട്ടു. ആ നിര്‍ദേശം സ്വാഭാവികമായും ശത്രുതാപരമായ സന്ദേശമാണ് നല്‍കുന്നത്. മാത്രവുമല്ല, അത് പ്രകോപനപരവും മേഖലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതുമാണ്. പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സുരക്ഷയുടെ ഉത്തരവാദിത്വം ആ മേഖലയിലുള്ള രാജ്യങ്ങള്‍ക്കാണ്. അവിടത്തെ സമുദ്രാനന്തര ഗതാഗതസുരക്ഷ നിലനിര്‍ത്തുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള രാജ്യം ഇറാനാണ്’- എന്ന് ഇറാന്‍ സര്‍ക്കാര്‍ വക്താവ് അലി റബീയി പറഞ്ഞു.

ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനോ ഇംപെറോ ഇറാന്‍ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാ യൂറോപ്യന്‍ സേനയോട് ബ്രിട്ടന്‍ നിര്‍ദേശിച്ചത്. ഇറാന്റെ ഗ്രേസ്-1 കപ്പല്‍ ജിബ്രാള്‍ട്ടറില്‍ വച്ച് ബ്രിട്ടന്‍ പിടിച്ചതിനു പ്രതികാരമായാണ് ഇറാന്‍ ബ്രിട്ടന്റെ കപ്പല്‍ പിടിച്ചത്. സമവായ നീക്കങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. ജര്‍മനിയും ഒമാനുമാണ് ഇറാന്‍ നേതൃത്വവുമായി പ്രശ്നപരിഹാര ചര്‍ച്ചകള്‍ നടത്തുന്നത്. ഒമാന്‍ വിദേശകാര്യ മന്ത്രി തെഹ്റാനിലെത്തി പ്രധാന നേതാക്കളുമായൊക്കെ ചര്‍ച്ച നടത്തിയെങ്കിലും പിടിച്ചെടുത്ത കപ്പലുകള്‍ രണ്ടും ഒരേ സമയം പരസ്പരം കൈമാറാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്നാണ് ഇറാന്‍ നേതൃത്വം വ്യക്തമാക്കുന്നത്.

അതേസമയം, യൂറോപ്യന്‍ രാജ്യങ്ങള്‍ ബ്രിട്ടന്റെ നിര്‍ദേശത്തെ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മേഖലയിലേക്ക് സൈന്യത്തെ അയക്കാന്‍ തയ്യാറല്ലെന്നും പകരം വിവരങ്ങള്‍ കൈമാറുമെന്നും നിലവില്‍ വിന്യസിച്ചിരിക്കുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഫ്രാന്‍സ് പ്രതികരിച്ചു. യുഎസ് സൈന്യം മേഖല നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മധ്യ പൗരസ്ത്യ ജലപാതയില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഓപ്പറേഷന്‍ സെന്റിനല്‍ എന്ന് പേരിട്ട ഒരു പദ്ധതി വികസിപ്പിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: