കാശ്മീരിലെ മുഴുവന്‍ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വവും തടങ്കലില്‍; അനുകൂലിച്ചും, പ്രതികൂലിച്ചും ഇന്ത്യന്‍ ജനത…

ജമ്മു-കാശ്മീരില്‍ മുന്‍പെങ്ങുമില്ലാത്ത അന്തരീക്ഷം സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാര്‍ നിരവധി നേതാക്കളെയാണ് വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ തടങ്കലിലാകുന്ന സാഹചര്യം കാശ്മീരില്‍ അപൂര്‍വ്വമാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരാണ് വീട്ടു തടങ്കലിലായിരുന്നത്. കാശ്മീരില്‍ നിന്ന് സോഷ്യല്‍ മീഡിയ വഴി വളരെ സജീവമായി ഇടപെടുന്ന നേതാക്കളാണിവരെന്നതും ശ്രദ്ധേയമാണ്.

ഇവര്‍ക്കൊപ്പം സിപിഎം എംഎല്‍എ മുഹമദ് യൂസഫ് തരിഗാമിയെയും വീട്ടുതടങ്കലിലാക്കിയതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഉസ്മാന്‍ മജീദും വീട്ടുതടങ്കലില്‍ കിടക്കുന്നവരില്‍ പെടുന്നു. പിപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവും മുന്‍ എംഎല്‍എയുമായ സജാദ് ലോണിനെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, ഇന്ന് രാവിലെ ഒമ്പതരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയില്‍ ക്യാബിനറ്റ് യോഗം വിളിച്ചിട്ടുണ്ട്. ഭീതിയുടെ ആവശ്യമില്ലെന്നാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് പറയുന്നത്. രാവിലെയോടെ സൈനികരാല്‍ നിറഞ്ഞ തെരുവുകളുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്നുണ്ട്. എല്ലാ പ്രധാന ഉദ്യോഗസ്ഥര്‍ക്കും സാറ്റലൈറ്റ് ഫോണുകളെത്തിച്ചിട്ടുണ്ട്. കൂടുതല്‍ ജില്ലകളില്‍ നിശാനിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുലര്‍ച്ചെ നാലു മണിയോടെ വന്നു തുടങ്ങി. ആറായിരത്തോളം ടൂറിസ്റ്റുകള്‍ കാശ്മീര്‍ വിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംസ്ഥാനത്ത് മിക്ക ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുപ്പത്തയ്യായിരത്തോളം സൈനികരെയാണ് വിന്യാസിച്ചിരിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെരുവുകളെല്ലാം സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ശാന്തമായിരിക്കണമെന്നും നിയമം കൈയിലെടുക്കരുതെന്നും അപേക്ഷിച്ച് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ് 12.39-ഓടെ എത്തി. അക്രമം നടത്തിയാല്‍ അത് സംസ്ഥാനത്തിന്റെ താല്‍പര്യം ഉദ്ദേശ്യമല്ലാത്തവര്‍ക്കൊരു ആയുധമായിത്തീരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവന വന്നു. ഒമര്‍ ഒറ്റയ്ക്കല്ലെന്നും രാജ്യത്തെ ഓരോ ജനാധിപത്യ വിശ്വാസിയും കൂടെ നില്‍ക്കുന്നുണ്ടെന്നും ഓര്‍മിപ്പിച്ച് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റ് സെഷന്‍ നടന്നു കൊണ്ടിരിക്കുകയാണന്നും തങ്ങളുടെ ശബ്ദം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.കാശ്മീരികള്‍ ഇന്ത്യന്‍ പൗരന്മാരാണെങ്കില്‍ അവരുടെ നേതാക്കളും ഇന്ത്യയുടെ പങ്കാളികളാണെന്നും അവരെ തടവില്‍ വെച്ചാല്‍ എന്താണ് ബാക്കിയാവുക എന്നും ശശി തരൂര്‍ ചോദിച്ചു.

ഒരു മണിയോടെ പൊതുയോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് വന്നു. ശ്രീനഗറിലും നിശാനിയമം നിലവില്‍ വന്നു. പിര്‍ പാഞ്ചാല്‍, ചെനാബ് താഴ്വര തുടങ്ങിയ ഇടങ്ങളില്‍ വര്‍ഗീയ കലാപത്തിന് സാധ്യതയുള്ളതാണെന്നും അവിടങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ വെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. ഈ സംഭവവികാസങ്ങള്‍ക്കിടെ ബിജെപി പ്രവര്‍ത്തകനും ബോളിവുഡ് നടനുമായ അനുപം ഖേറിന്റെ പ്രസ്താവന വന്നു. ”കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം തുടങ്ങി,” എന്നായിരുന്നു ട്വീറ്റ്.

പുലര്‍ച്ചെ രണ്ടുമണിയോടെ മെഹ്ബൂബ മുഫ്തിയുടെ ട്വീറ്റ് വന്നു. അടല്‍ ബിഹാരി വാജ്പേയിയെ ഓര്‍ക്കുന്നതായിരുന്നു അത്. ബിജെപിക്കാരനായിരുന്നിട്ടും കാശ്മീരികളുടെ സ്‌നേഹം അദ്ദേഹം പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ അതിന്റെയെല്ലാം ഇല്ലായ്മ തങ്ങള്‍ക്ക് അനുഭവപ്പെടുന്നതായി അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: