ചുവപ്പ് നാട ഇനി തടസമാകില്ല : സംസ്ഥാനത്ത് ലൈസെന്‍സ് ഇല്ലാതെ തന്നെ മൂന്ന് വര്‍ഷം വരെ സംരഭങ്ങള്‍ തുടങ്ങാന്‍ അവസരം

തിരുവനന്തപുരം : സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയില്‍ തീരുമാനം. സംസ്ഥാനത്തു മൂന്ന് വര്‍ഷം വരെ ലൈസന്‍സോ, പെര്‍മിറ്റോ ആവശ്യമില്ലാതെ തന്നെ വ്യവസായങ്ങള്‍ തുടങ്ങാന്‍ കഴിയുന്ന നിയമമാണ് യാഥാര്‍ഥ്യമാകുന്നത്.

10 കോടി വരെ ചെലവില്‍ പരിസ്ഥിതിയിക്ക് ആഘാതം സൃഷ്ടിക്കാത്ത വ്യവസായങ്ങള്‍ പെര്‍മിറ്റ് നടപടികള്‍ ഇല്ലാതെ തുടങ്ങാം. സംരംഭം തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ പെര്‍മിറ്റ് നേടിയാല്‍ മതിയെന്നാണ് തീരുമാനം. നിയമപരമായ അനുമതികള്‍ വൈകുന്നതുകാരണം സംരംഭകര്‍ക്കുള്ള പ്രയാസം തീര്‍ത്തും ഒഴിവാക്കുന്നതിനുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.

പത്തുകോടി രൂപയിലധികം മുതല്‍മുടക്ക് വരുന്ന എല്ലാ വ്യവസായങ്ങളുടെയും അനുമതി വേഗത്തിലാക്കുന്നതിന് വ്യവസായ വകുപ്പില്‍ പ്രത്യേക സെല്‍ ആരംഭിക്കുന്നതിനും ധാരണയായി. പ്രവാസി നിക്ഷേപകര്‍ക്ക് ഈ സെല്ലുമായി നേരിട്ടു ബന്ധപ്പെടാം. പ്രവാസി നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ സെല്‍ വഴി ലഭ്യമാക്കും.

ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. അതൊഴിവാക്കി, ഒരിക്കല്‍ ലൈസന്‍സ് ലഭിച്ചവര്‍ അതു വീണ്ടും പുതുക്കേണ്ടതില്ലെന്ന നിയമഭേദഗതി കൊണ്ടുവരുന്നതും പരിശോധിക്കാന്‍ തീരുമാനിച്ചു.

വാണിജ്യകരാറുകളുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ വാണിജ്യകോടതികള്‍ ഹൈക്കോടതിയുടെ അനുമതിയോടെ സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മികച്ച വ്യവസായങ്ങള്‍ക്ക് മേഖലകള്‍ തിരിച്ച് സംസ്ഥാനതല അവാര്‍ഡ് ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

Share this news

Leave a Reply

%d bloggers like this: