ശ്രീറാമിന് ജാമ്യം അനുവദിച്ച് തിരുവനന്തപുരം സിജെഎം കോടതി

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിന് ജാമ്യം അനുവദിച്ച് തിരുവനന്തപുരം സിജെഎം കോടതി. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നു എന്ന് എങ്ങനെ മനസിലായി എന്ന് കോടതി ചോദിച്ചിരുന്നു. കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യവും കോടതി തള്ളി. സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീര്‍ ആണ് ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെ അമിത വേഗതയില്‍ വന്ന ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ച് മരണപ്പെട്ടത്.

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന ഒമ്പത് മണിക്കൂര്‍ വൈകിയതടക്കം ശ്രീറാമിനെ രക്ഷിക്കാന്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തി എന്ന ആരോപണം തുടക്കം മുതല്‍ ശക്തമാണ്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് പോലീസിനെതിരെ ആരോപണം ശക്തമായതോടെ മ്യൂസിയം എസ്.ഐ യെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡിജിപി യുടെ നിര്‍ദേശപ്രകാരം പുതിയൊരു അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. സാധാരണ റിമാന്‍ഡ് പ്രതികള്‍ക്കു ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പരിഗണന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് ലഭിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മാധ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

അപകടം നടന്ന ഉടന്‍ ശ്രീറാം രക്തപരിശോധനയ്ക്ക് വിസമ്മതിച്ചു എന്ന് തുടങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. തന്റെ കക്ഷിക്കെതിരെ രാഷ്ട്രീയ – മാധ്യമ ഗൂഢാലോചന നടക്കുന്നതായി ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അപകടത്തിന് ശേഷം ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് അടക്കം വിവാദമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ കെയറിലാണ് നിലവില്‍ ശ്രീറാം.

നട്ടെല്ലിന് ക്ഷതം ഏറ്റതിനാല്‍ ചികിത്സ വേണമെന്ന ജയില്‍ അധികൃതരുടെ നിദേശത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചു എന്നാണ് ശ്രീറാമിനെതിരേ പറയുന്നത്. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്നാണ് കോടതി പൊലീസിനോട് തിരിച്ചു ചോദിച്ചിരിക്കുന്നത്.

രക്തപരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറിയും ഉടന്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂട്ടുപ്രതിയായ വഫ ഫിറോസിന്റെ രഹസ്യ മൊഴി ചോര്‍ന്നതിലും കോടതി പൊലീസിനെ വിമര്‍ശിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചോരരുതെന്ന് നിര്‍ദ്ദേശിച്ചാണ് വഫയുടെ രഹസ്യ മൊഴി കൈമാറിയതെന്നും ഇത് മൊഴി എങ്ങനെ ചേര്‍ന്നുവെന്നുമാണ് കോടതി ചോദിച്ചത്. ഇതിന് പിന്നാലെയായിരുന്നു കസ്റ്റഡി ആവശ്യം തള്ളിയത്.

Share this news

Leave a Reply

%d bloggers like this: