കാശ്മീര്‍ പ്രശ്‌നം : രക്ഷാസമിതിയില്‍ പാകിസ്താന് തിരിച്ചടി; ഇന്ത്യയെ പിന്‍താങ്ങി പോളണ്ടും,റഷ്യയും

ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യ നടപടിയ്‌ക്കെതിരെ പാകിസ്ഥാന്‍ രക്ഷാസമിതിയെ സമീപിച്ചു. ഇന്ത്യയുടെ നടപടി നിയമ വിരുദ്ധമാണെന്നും കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഏകാധിപത്യപരമായ നിയമമാണ് നടപ്പാക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ രക്ഷാസമിതിയെ സമീപിച്ചത്. എന്നാല്‍ പാകിസ്താനും ഇന്ത്യയും ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണമമെന്നാണ് രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ട് ആവശ്യപ്പെട്ടത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രൂക്ഷമായ നയതന്ത്ര സംഘര്‍ഷത്തില്‍ ഇതാദ്യമായാണ് പോളണ്ട് പ്രതികരിച്ചത്. കാശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കിയതില്‍, പ്രത്യേകിച്ച് ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന വലിയ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. അതേസമയം ഭരണഘടനാനുസൃതമായ നടപടിയാണ് ഇന്ത്യ കാശ്മീരില്‍ സ്വകരിച്ചത് എന്നാണ് രക്ഷാസമിതിയിലെ മറ്റൊരു സ്ഥിരാംഗമായ റഷ്യയുടെ വാദം. എല്ലാ മാസവും രക്ഷാസമിതി അധ്യക്ഷ പദവി മാറും. ഈ മാസം പോളണ്ട് ആണ് രക്ഷാസമിതി അധ്യക്ഷ പദവി വഹിക്കുന്നത്.

വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നേരത്തെ ഡല്‍ഹിയില്‍ കാശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് നയതന്ത്ര പ്രതിനിധികളുമായി സംസാരിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം പോളിഷ് വിദേശകാര്യ മന്ത്രി ജാസെക് സാപുടോവിക്സുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനും കാശ്മീര്‍ പ്രശ്നത്തിന് ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ എന്ന് ഇന്ത്യയിലെ പോളിഷ് അംബാസഡര്‍ ആഡം ബുറാകോവ്സ്‌കി മാധ്യമങ്ങളോട് പറഞ്ഞു.

1972ലെ ഷിംല കരാറിനും 1999ലെ ലാഹോര്‍ പ്രഖ്യാപനത്തിനും അനുസൃതമായി ഇന്ത്യയും പാകിസ്താനും കാശ്മീര്‍ പ്രശ്നത്തിന് ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രം പരിഹാരം കാണാന്‍ ശ്രമിക്കുക എന്ന ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് പോളണ്ടിന്റെ നിലപാട്. വിദേശകാര്യ മന്ത്രി ജയശങ്കറിന്റെ ഇടപെടല്‍ പോളണ്ടിന്റെ നിലപാടില്‍ നിര്‍ണ്ണായകമായി. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോ കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചതോ അന്താരാഷ്ട്ര പ്രശ്നമല്ലെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ് എന്നും ജയശങ്കര്‍ വിശദീകരിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് കാശ്മീര്‍ വിഭജനമെന്നും മന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: