സുനന്ദപുഷ്‌ക്കര്‍ കേസില്‍ ശശിതരൂരിനെതിരെ വാദങ്ങള്‍ നിരത്തി പ്രോസിക്യൂഷന്‍

ഡല്‍ഹി : സുനന്ദ പുഷക്കറിന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന വാദവുമായി പ്രോസിക്യൂഷന്‍. ഈ കേസില്‍ ആദ്യമായാണ് തരൂരിന് എതിരെയുള്ള വാദം കോടതി കേള്‍ക്കുന്നത്. ദില്ലിയിലെ റോസ് അവന്യൂ കോടതി ഇന്നലെയാണ് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണകാരണമായി വിഷത്തെയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും അവ 4 മുതല്‍ 12 മണിക്കൂറുകള്‍ വരെ പഴക്കം മാത്രം ഉളളവ ആണെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

സുനന്ദ പുഷ്‌കര്‍ നിരന്തരമായി മര്‍ദ്ദിക്കപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ട് എന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. 2014ലാണ് കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിനെ ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിഷാദ രോഗത്തിനുളള മരുന്ന് അമിതമായി കഴിച്ചതാണ് മരണ കാരണം എന്നാണ് പോലീസ് കണ്ടെത്തല്‍.

മരണം നടന്ന ദിവസത്തിന് തലേ ദിവസം സുനന്ദയും, തരൂരും വഴക്കടിച്ചിരുന്നതായി തരൂരിന്റെ സഹായി നാരായണന്റെ മൊഴി രേഖപ്പടുത്തിയിരുന്നു. നാരായണനും ഒരു ചാനല്‍ ലേഖികയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും പുറത്തായിരുന്നു. മരണത്തിന് മുന്‍പ് സുനന്ദ മാധ്യമ പ്രവര്‍ത്തകയെ കാണാന്‍ താത്പര്യപെട്ടിരുന്നു. അതിന്റെ പിറ്റേ ദിവസമാണ് സുനന്ദ മരണപ്പെടുന്നത്. മാത്രമല്ല ഇതിനിടെ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഒരു അജ്ഞാതന്‍ വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: