പാലാ ഉപതെരഞ്ഞെടുപ്പ്; ആര് മത്സരിച്ചാലും വിജസാധ്യതയ്ക്കാണ് മുഖ്യ പരിഗണനയെന്ന് പി ജെ ജോസഫ്

കോട്ടയം : പാലായിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം പരസ്യമാവുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സ്റ്റിയറിങ്ങ് കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയെന്ന പി ജെ ജോസഫിന്റെ വാദം തള്ളി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിതാണ് ഏറ്റവും പുതിയ സംഭവം. കെ എം മാണി 50 വര്‍ഷക്കാലം പ്രതിനിധീകരിച്ച സീറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല; അതില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പിജെ ജോസഫിനെ അല്ല സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ മാണിയെയെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയെന്നും പാലായില്‍ വിജയ സാധ്യതക്കാണ് മുഖ്യപരിഗണനയെന്നുമായിരുന്നു പി ജെ ജോസഫ് ഇന്നലെ പറഞ്ഞത്. കഴിഞ്ഞ മൂന്ന് തിരഞ്ഞടുപ്പുകളിലെയും ഫലമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പരിഗണിക്കുക. ആരുടെയും പേരുകളിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നുമായിരുന്നും പി ജെ ജോസഫിന്റെ നിലപാട്.

പാലാ സീറ്റില്‍ 54 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് എം ആണ് മത്സരിക്കുന്നത്. ഈ കീഴ്വഴക്കം മാറ്റേണ്ട സാഹചര്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ വ്യക്തമാക്കുന്നു. സ്ഥാനാര്‍ത്ഥി ആരായാലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഇടത് പക്ഷത്തിന് വേണ്ടി പാലാ സീറ്റില്‍ മാണി സി കാപ്പന്‍ മത്സരിക്കാനാണ് സാധ്യത. പാലാ സീറ്റിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കിയതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി സി തോമസും സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share this news

Leave a Reply

%d bloggers like this: