അയര്‍ലണ്ടില്‍ ഇനി പെട്രോള്‍ പമ്പുകളെക്കാള്‍ കൂടുതല്‍ ഇലക്ട്രിക്ക് ചാര്‍ജിങ് പോയിന്റുകള്‍ : അടുത്ത മാസം മുതല്‍ ചാര്‍ജിങ് നിരക്കുകളും നിലവില്‍ വരും; വൈദ്യുതി നിരക്കും കുത്തനെ ഉയര്‍ന്നേക്കുമെന്ന് ആശങ്ക

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇതുവരെ സൗജന്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ്ങിന് അടുത്ത മാസം മുതല്‍ നിരക്ക് ഏര്‍പ്പെടുത്തുമെന്ന് ഇ.എസ്.ബി അറിയിച്ചു. രാജ്യത്തെ റോഡുകളില്‍ നിന്നും അടുത്ത വര്‍ഷങ്ങളില്‍ പെട്രോള്‍ -ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമാണിത്. പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണത്തോടെ അടുത്ത 5 വര്‍ഷങ്ങള്‍ക്കുള്ളില്‍1000 അതിവേഗ ചാര്‍ജിങ് പോയിന്റുകളാണ് സ്ഥാപിക്കുക. ലോക്കല്‍ അതോറിറ്റി കാര്‍ പാര്‍ക്കിംഗ് , ഇതര സ്ട്രീറ്റ് പാര്‍ക്കിംഗ് മേഖലയിലും ചാര്‍ജിങ് പോയിന്റുകള്‍ ഉണ്ടായിരിക്കും.

നിലവില്‍ അയര്‍ലഡില്‍ ആകമാനം ആയിരത്തോളം ചാര്‍ജിങ് പോയിന്റുകളാണ് ഉള്ളത്. നിലവില്‍ ഇവയുടെ ഉപയോഗം സൗജന്യവുമാണ്. ഓരോ വര്‍ഷവും 200 ഓളം ചാര്‍ജിങ് പോയിന്റുകള്‍ പുതുതായി ഏര്‍പ്പെടുത്തുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ വരും വര്‍ഷങ്ങളില്‍ പെട്രോള്‍ പമ്പുകളെക്കാള്‍ കൂടുതല്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ നിലവില്‍ വരും. ക്ലൈമറ്റ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി 2030 ഓടെ ഐറിഷ് റോഡുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും അനുവദനീയമാകുക.

നിലവില്‍ കാര്‍ കമ്പനികള്‍ ഇലക്ട്രിക്ക് എഞ്ചിനുകള്‍ക്ക് പ്രധാന്യം നല്‍കിവരികയാണ്. യൂറോപ്പ്യന്‍ യൂണിയന്റെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഓരോ അംഗ രാജ്യവും പരിസ്ഥിതി സൗഹൃദമാകേണ്ടതുണ്ട്. യൂറോപ്പില്‍ മലിനീകരണത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന ഗതാഗത മേഖല പൂര്‍ണമായും മലിനീകരണത്തില്‍ നിന്നും മുക്തമാകുന്നതിന്റെ ഭാഗമാണ് നിലവിലെ നടപടി. എന്നാല്‍ ഇതോടൊപ്പം രാജ്യത്ത് വൈദ്യുതി വിലയും കുത്തനെ ഉയരുമെന്ന ആശങ്കയുമുണ്ട്.

Share this news

Leave a Reply

%d bloggers like this: