വേട്ടയാടുന്ന ബ്രെക്‌സിറ്റിനെ പിടിച്ചുകെട്ടാന്‍ രണ്ടും കല്പിച്ച് ബോറിസ് ജോണ്‍സണ്‍; ബ്രെക്‌സിറ്റ് ക്ലൈമാക്‌സിലേക്ക്

ലണ്ടണ്‍ : യു കെ യെ പിന്തുടരുന്ന ബ്രെക്‌സിറ്റ് എന്ന ദുശ്ശകുനത്തെ വരുതിയിലാക്കാന്‍ കച്ചകെട്ടി ബോറിസ്. 5 ആഴ്ചത്തേക്ക് പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്യാന്‍ ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നും അനുമതിയും വാങ്ങിയെടുത്തു. പ്രധാനമന്ത്രി പദത്തിലേറുമ്പോള്‍ പ്രഖ്യാപിച്ച കരാര്‍ ഇല്ലാത്ത ബ്രെക്‌സിറ്റ് നടപ്പാകുകയാണ് ലക്ഷ്യം. സെപ്റ്റംബര്‍ 10-മുതല്‍ ഒക്ടോബര്‍ 14-വരെ പാര്‍ലമെന്റ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുക എന്ന നീക്കമാണ് നടത്തിയിരിക്കുന്നത്.

നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിന് തടയാന്‍ എംപിമാര്‍ക്ക് വേണ്ടത്ര സമയം ലഭ്യമല്ലാതാക്കുകയാണ് ബോറിസ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്യാന്‍ ബോറിസ് നിയമോപദേശം തേടിയ വാര്‍ത്ത പുറത്തായിരുന്നു. എന്നാല്‍ അത്തരമൊരു നീക്കം ഇല്ലെന്നാണ് ബോറിസ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ അണിയറയില്‍ എന്തൊക്കയോ മാറിമയങ്ങള്‍ മണത്തറിഞ്ഞ എം പി മാര്‍ ഒരു ബദല്‍ പാര്‍ലമെന്റ് തയ്യാറാക്കിയിരുന്നു.

ബോറിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവായ ജെറമി കോര്‍ബിന്‍. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ബോറിസിന്റേതെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നുമാണ് ലേബര്‍ പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. തനിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ മറികടക്കാനും ഈ നീക്കത്തിലൂടെ സാധിക്കുമെന്നാണ് ബോറിസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

കരാര്‍ ഇല്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ഒരു വിഭാഗം എംപി മാര്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബറോടെ യൂണിയന്‍ വിട്ടുപോകുകയും വേണം; മുന്‍ പ്രധാനമന്ത്രി തെരേസ മെയ് സഞ്ചരിച്ച വഴിലൂടെ പോയാല്‍ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിയുമെന്ന് മനസിലാക്കിയ ബോറിസ് ഇതിനപ്പുറത്തേക്ക് മറ്റേതെങ്കിലും ഒരു വഴി അന്വേഷിക്കുകയായിരുന്നു. ഇതിനോടകം ഒരു പറ്റം എം പി മാര്‍ ചേര്‍ന്നുണ്ടാക്കിയ ബദല്‍ പാര്‍ലമെന്റ് ചേരുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

ബ്രെക്‌സിറ്റ് അനന്തമായി നീണ്ടുപോകുന്നതോടൊപ്പം തന്റെ പ്രധാമന്ത്രി പദവിയും അസ്ഥിരമാണെന്ന ബോധം ബോറിസിനെ വേട്ടയാടിയിരുന്നു. പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്ത നടപടി ജനാധിപധ്യവിരുദ്ധമാണെന്ന് പറയുമ്പോഴും ഒരു നേതാവെന്ന നിലയില്‍ ബ്രെക്‌സിറ്റ് എന്ന തലവേദന ഒഴിവാക്കാന്‍ ബോറിസ് ഒരു തീരുമാനത്തിലേക്ക് എത്തി എന്നത് സുപ്രധാനമായ ഒരു ചുവടുവെപ്പ് തന്നെയാണ്.

Share this news

Leave a Reply

%d bloggers like this: