കടലിനടിയിലൂടെ പരിശീലനം സിദ്ധിച്ച ഭീകരര്‍ കച്ച് കടലിടുക്കിലേക്ക് നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്

ഗുജറാത്ത് : ഗുജറത്തിലെ കച്ച് കടലിടുക്കിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറിയതായി സംശയിക്കപ്പെട്ടതിനെ തുടര്‍ന്നു പ്രദേശത്ത് ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു. പാകിസ്താന്‍ പരിശീലനം നല്‍കിയയച്ച കമാന്‍ഡോകളാണ് അതിര്‍ത്തി ഭേദിച്ച് കടലിലൂടെ എത്തുന്നതെന്ന് ഇക്കണോമിക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടിരുന്നു. കടലിനടിയിലൂടെ ആക്രമണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പുമായി ഇവര്‍ എത്തിയതായിട്ടാണ് സൂചന.

കടലിനടയിലൂടെ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാവികസേനാ മേധാവി വ്യക്തമാക്കിയതിന് തൊട്ടു പുറകെയാണ് ഭീകരര്‍ എത്തിയതായി സംശയിക്കപ്പെടുന്നത്. 2008 ഇല്‍ ഉണ്ടായ മുംബൈ ഭീകരാക്രമണം നടത്തിയ തീവ്രവാദികളും ഗുജറാത്തു വഴിയാണ് എത്തിയിരുന്നത്. ഗുജറാത്ത് ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാന്‍ സജ്ജരായിരിക്കണമെന്നും ദീന്‍ദയാല്‍ പോര്‍ട്ട് ട്രസ്റ്റിലെ എല്ലാ കപ്പലുകളും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും പോര്‍ട്ട് ട്രസ്റ്റ് അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തുറമുഖത്തെവിടെയും സംശയകരമായ ഏത് നീക്കം ശ്രദ്ധയില്‍ പെട്ടാലും അത് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശം പറയുന്നു. പ്രദേശത്തെ മത്സ്യ തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ട്ല പോര്‍ട്ട് സ്റ്റീംഷിപ്പ് ഏജന്റ്‌സ് അസോസിയേഷനോട് ഈ സന്ദേശം എല്ലാവരിലുമെത്തിക്കാനുള്ള നിര്‍ദ്ദേശവും അധികാരികള്‍ നല്‍കിയിട്ടുണ്ട്. കടലിലുള്ള ഡ്രഡ്ജുകളിലേക്കും സപ്പോര്‍ട്ട് ക്രാഫ്റ്റുകളിലേക്കും സന്ദേശം നല്‍കാന്‍ വാന്‍ ഊര്‍ദ് എന്ന നെതര്‍ലാന്‍ഡ്‌സിലെ കമ്പനിയെയും ഏല്‍പ്പിച്ചിട്ടുണ്ട്.

തുറമുഖ അധികൃതരുമായി ഇതില്‍ കരാറുള്ള സ്ഥാപനമാണിത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൈകൊണ്ട നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ഭീകരക്ക് പരിശീലനം നല്‍കി നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കാന്‍ ശ്രമം നടത്തുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് അതീവ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: