കമ്പോളത്തില്‍ ഡിമാന്റില്ല; കാര്‍ഷിക മേഖലയിലും പ്രതിസന്ധി രൂക്ഷമെന്ന് റിസേര്‍വ് ബാങ്ക്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ വിവിധ മേഖലകള്‍ നേരിടുന്ന പ്രതിസന്ധി വളരെ സംഘീര്‍ണമായ തലത്തിലേക്ക് കടക്കുകയാണെന്ന് റിസേര്‍വ് ബാങ്ക്. കമ്പോളത്തില്‍ ഡിമാന്റ് ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുളള പോക്കിനെയും വളര്‍ച്ചയേയും തടയുന്നു. ഇതിനെ തടയാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശിക്കുന്ന റിസര്‍വ് ബാങ്ക്, സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതും പ്രതിസന്ധി മറികടക്കാന്‍ ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുന്നു.

സമ്പദ് വ്യവസ്ഥയിലെ വിവിധ മേഖലകളില്‍ ഘടനാപരമായ പ്രശ്നങ്ങളുണ്ട്. നിര്‍മ്മാണം, വ്യാപാരം, ഗതാഗതം, വിനിമയം, കൃഷി തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ഇപ്പോള്‍ സമ്പദ് വ്യവസ്ഥയിലെ വിവിധ മേഖലകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കാവുന്ന ചാക്രിക ചലനങ്ങളുടെ ഭാഗമാണ്. വിവിധ മേഖലകളില്‍ പ്രതിസന്ധിയുണ്ടാകാനുള്ള ഒരു കാരണം കാര്‍ഷിക മേഖലയിലെ ഉത്പാദന തകര്‍ച്ചയാണെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. ഇത് കൂടുതല്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ആശങ്കപ്പെടുന്നത്.

അതിനിടെ സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടി കാര്‍ഷിക ഉത്പാദനത്തില്‍ വീണ്ടും കുറവുണ്ടാകുമെന്ന് സൂചന. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട രണ്ട് ക്രെഡിറ്റ് ഏജന്‍സികളാണ് ഖാരിഫ് ഉത്പാദനത്തില്‍ കുറവുണ്ടാകുമെന്ന സൂചന നല്‍കിയത്. മണ്‍സൂണ്‍ കാലത്തെ വിളവെടുപ്പാണ് ഖാരിഫ്. കാര്‍ഷിക ഉത്പാദനത്തിലെ കുറവാണ് ഗ്രാമീണ മേഖലയിലെ പണലഭ്യത ഇതിനകം കുറയാന്‍ കാരണം. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണനത്തില്‍ ഇത് വലിയ കുറവുണ്ടാക്കിയിരുന്നു. പുതിയ സൂചനകള്‍ അനുസരിച്ച് കാര്‍ഷിക ഉത്പാദനം കുറയുകയാണെങ്കില്‍ ഗ്രാമീണ മേഖലയില്‍ പണത്തിന്റെ ലഭ്യതയില്‍ വീണ്ടും കുറവുണ്ടാക്കുന്നത് ഗുരുതരമായ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് സൂചന

Share this news

Leave a Reply

%d bloggers like this: