അസമില്‍ 19,06,657 പേര്‍ പൗരത്വ റജിസ്റ്ററില്‍ നിന്നും പുറത്ത്

ഗുവാഹത്തി : അസമിലെ ‘നിയമവിരുദ്ധ കുടിയേറ്റക്കാരെ’ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് അഥവാ എന്‍ആര്‍സി അന്തിമ പട്ടിക പ്രസദ്ധീകരിച്ചു. 3,11,21,004 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ 19,06,657 പേര്‍ രജിസ്റ്ററില്‍ നിന്നും പുറത്തായി.അന്തിമ പട്ടികയില്‍ വരാത്ത പൗരന്മാരെ പരദേശികളായി ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ നിയമപരമായ സാധ്യതകളും തേടാന്‍ അവസരമുണ്ടാകുമെന്നാണ് പറയുന്നത്. ഫോറിനേഴ്‌സ് ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം എല്ലാവര്‍ക്കുമുണ്ടായിരിക്കും. 120 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.

തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി കുറഞ്ഞത് 1000 ട്രിബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം പറയുന്നു. നിലവില്‍ 100 ട്രിബ്യൂണലുകള്‍ മാത്രമാണുള്ളത്. സെപ്തംബര്‍ ആദ്യവാരത്തോടെ നൂറെണ്ണം കൂടി നിലവില്‍ വരും. ട്രിബ്യൂണല്‍ തീരുമാനത്തില്‍ പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാവുന്നതാണ്. എല്ലാ നിയമസാധ്യതകളും ലഭ്യമാക്കിയതിനു ശേഷം മാത്രമേ ഇവരെ ജയിലിലടയ്ക്കുന്നതിലേക്ക് എത്തിച്ചേരൂ എന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്ത നടപടിക്കു പിന്നാലെയാണ് ഈ നടപടി വരുന്നതെന്നതും ശ്രദ്ധേയമാണ്.

എന്‍ആര്‍സി പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് അസമില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഈ പട്ടിക ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുള്ള സേവ കേന്ദ്രങ്ങളില്‍ പോയി പട്ടികയില്‍ തങ്ങള്‍ ഏതു തരത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പൗരന്മാര്‍ക്ക് പരിശോധിക്കാവുന്നതാണ്. സംസ്ഥാനത്ത് നാലില്‍ക്കൂടുതല്‍ പേര്‍ ഒന്നിച്ചുകൂടുന്നത് പലയിടങ്ങളിലും നിരോധിച്ചിട്ടുണ്ട്. 60,000 പൊലീസുകാരെ സംസ്ഥാനത്തെമ്പാടും വിന്യസിച്ചിട്ടുണ്ട്. ഇതു കൂടാതെ 20,000 അര്‍ധ സൈനിക വിഭാഗത്തെയും കേന്ദ്ര സര്‍ക്കാര്‍ അയച്ചിട്ടുമുണ്ട്.

Share this news

Leave a Reply

%d bloggers like this: