ജനാധിപത്യാവകാശങ്ങള്‍ക്കായി ഹോങ്കോങ്ങില്‍ വിദ്യാര്‍ത്ഥികളും തെരുവിലേക്ക്…

ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഹോങ്കോങ്ങില്‍ വിദ്യാര്‍ഥികളും തെരുവിലിറങ്ങുന്നു. സ്‌കൂളും കോളേജും ബഹിഷ്‌കരിച്ച് പതിനായിരത്തോളം പേരാണ് സമരത്തില്‍ പങ്കുചേര്‍ന്നത്. യൂണിഫോം അണിഞ്ഞെത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖാവരണവും ഹെല്‍മറ്റും ധരിച്ചാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിന്റെ മൈതാനത്തായിരുന്നു അവര്‍ ഒരുമിച്ച് കൂടിയത്. ‘സ്വാതന്ത്ര്യത്തിനായി ക്ലാസുകള്‍ ബഹിഷ്‌കരിക്കുക’, ‘ഹോങ്കോങ്ങിനെ വീണ്ടെടുക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ അവര്‍ കയ്യിലേന്തി. റാലിയും തുടര്‍ന്നുള്ള പ്രതിഷേധ യോഗവും സമാധാനപരമായിരുന്നു.

‘ഒരൊറ്റ തീപ്പൊരി മതി ഒരു പുല്‍ക്കാട് മുഴുവന്‍ കത്തിച്ചാമ്പലാകാന്‍’ എന്ന മാവോയുടെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ‘എന്തുതന്നെ സംഭവിച്ചാലും നമ്മള്‍ പിന്തിരിയില്ലെന്ന’ നിലപാട് പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പലരും സംസാരിച്ചത്. പുറത്തുള്ള പാര്‍ക്കില്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്നു. അവര്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നഗര വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

മൂന്നുദിവസമായി നഗരത്തില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. ഹോങ്കോങ് സര്‍ക്കാറിനും ചൈനക്കുമെതിരെ അതി ശക്തമായ മുദ്രാവാക്യങ്ങളുമായി അവര്‍ മുന്നോട്ടുപോവുകയാണ്. കുറ്റവാളികളെ ചൈനക്കു കൈമാറുന്ന ബില്ലിനെതിരെ തുടങ്ങിയ പ്രക്ഷോഭം പതിമൂന്ന് ആഴ്ച പിന്നിടുമ്പോള്‍ ലോകത്തെ പിടിച്ചുകുലുക്കിയ വന്‍സമരമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. അതിനിടെയാണ് 200 സെക്കന്‍ഡറി വിദ്യാലയങ്ങളിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ അധ്യയന വര്‍ഷത്തെ ആദ്യദിനംതന്നെ ക്ലാസ് ബഹിഷ്‌കരിച്ച് സമരത്തിന്റെ ഭാഗമായത്. രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണ ബഹിഷ്‌കരണത്തിനാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജനാധിപത്യാവകാശങ്ങള്‍ നിറവേറുന്നതുവരെ ആഴ്ചയില്‍ ഒരു ദിവസം പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും പ്രതിജ്ഞയെടുത്തു.

Share this news

Leave a Reply

%d bloggers like this: