ഗാര്‍ഹിക പീഡന മരണങ്ങള്‍; സ്‌പെയിനില്‍ ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ

മാഡ്രിഡ് : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് സ്ത്രീകള്‍ കൊല്ലപെടുന്നതില്‍ പ്രതിഷേധിച്ച് സ്‌പെയിനില്‍ സ്ത്രീകളുടെ വന്‍ പ്രതിഷേധം. ‘ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ’ പ്രഖ്യാപനം എന്ന വിളിച്ച പ്രതിഷേധം സ്പെയിനിലെ 250 ലേറെ പട്ടണങ്ങളിലാണ് നടന്നത്. ഈ വര്‍ഷം മാത്രം 42 സ്ത്രീകളാണ് ഭര്‍ത്താക്കന്മാരാലും മുന്‍ പങ്കാളികളാലും കൊല്ലപ്പെട്ടത്. ഇതിനെതിരെ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഫെമിനിസ്റ്റ് എമര്‍ജന്‍സി പ്രതിഷേധം.

സ്പാനിഷ് ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം 2003 മുതല്‍ 1,017 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. 32 കുട്ടികള്‍ക്കാണ് അമ്മയില്ലാതായത്. എന്നിട്ടും രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും നിസ്സംഗത പുലര്‍ത്തുന്നു എന്ന് ആരോപിച്ചായിരുന്നു സ്ത്രീകള്‍ തെരുവിലിറങ്ങിയത്. മാഡ്രിഡ്, ബാഴ്സലോണ, വലന്‍സിയ, ബില്‍ബാവോ, ടാരഗോണ, സലാമാങ്ക, സെവില്ലെ, അലികാന്റെ തുടങ്ങിയ നഗരങ്ങളില്‍ ആയിരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ക്രൂരമായ കൊലപാതകം, ബലാത്സംഗം, ആക്രമണം, പീഡോഫീലിയ (കുട്ടികളെ ലൈംഗിമായി ചൂഷണം ചെയ്യല്‍), കൂട്ട ആക്രമണം തുടങ്ങിയവ ഏറ്റവും കൂടുതലായി കണ്ടുവരുന്ന വേനല്‍ക്കാലമാണിത്’ എന്ന് ഫെമിനിസ്റ്റ് അടിയന്തരാവസ്ഥ എന്ന പരിപാടിയുടെ സംഘാടകര്‍ പറയുന്നു. ‘ലിംഗാധിഷ്ഠിത അക്രമം ഒരു ദശകത്തിലെ ഏറ്റവും വലിയ നിരക്കില്‍ എത്തി. എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ഇനിയൊരു സ്‌കൂള്‍ കാലമോ പാര്‍ലമെന്റ് കാലമോ തുടങ്ങാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇതൊരു അടിയന്തരാവസ്ഥയാണ്.

മെഴുകുതിരികള്‍, വിളക്കുകള്‍, ടോര്‍ച്ചുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ തെളിയിച്ചുകൊണ്ട് ഒത്തുചേരാന്‍ സംഘാടകര്‍ ആളുകളോട് ആവശ്യപ്പെട്ടു. സ്പെയിനിന്റെ ആക്ടിംഗ് പ്രധാനമന്ത്രിയും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ പെഡ്രോ സാഞ്ചസ് പ്രതിഷേധത്തിന് പിന്തുണ നല്‍കി. സ്ത്രീകള്‍ക്കെതിരായ അക്രമണത്തെ ചെറുക്കുന്നതില്‍ ഒരിഞ്ചുപോലും പിന്നാക്കം പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: