ഗ്രെറ്റ തന്‍ബര്‍ഗിന്റെ കീഴില്‍ ദശലക്ഷങ്ങള്‍ അണിനിരന്ന് കലാവസ്ഥ സമരം

ന്യൂയോര്‍ക്ക്: കാലാവസ്ഥാ പ്രതിസന്ധിയും, ആഗോളതാപനവും പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടുമായി നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. സ്വീഡിഷ് വിദ്യാര്‍ഥിനി ഗ്രെറ്റ തന്‍ബര്‍ഗാണ് ക്ലൈമറ്റ് സ്ട്രൈക്കിന് നേതൃത്വം നല്‍കിയത്.

പസഫിക് ദ്വീപുകള്‍ മുതല്‍ ഓസ്ട്രേലിയയിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും പിന്നീട് അമേരിക്കയിലേക്കും വരെ പ്രധിഷേധജ്വാല ഉയര്‍ന്നു. പ്രവചനാതീതമായ കാലാവസ്ഥാ പ്രതിസന്ധിയെ പ്രതിരോധിക്കുകയാണ് നാം ചെയ്യേണ്ടതെന്ന് സമരക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.

സമരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും രാജ്യാന്തര സംഘടനകളും അണിനിരന്നു. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി നടന്നു കഴിഞ്ഞു. ഗ്രെറ്റ തുന്‍ബെര്‍ഗ് എന്ന 16-കാരി കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്‌കൂള്‍ സമരത്തിന് (School strike for climate) തുടക്കംകുറിച്ചിട്ട് ഒരുവര്‍ഷം പിന്നിടുന്നു.

അതിനു ശേഷം ആദ്യമായാണ് മുതിര്‍ന്നവരും സമരത്തിന്റെ ഭാഗമാകുന്നത്. കൂടാതെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയനുകളും സമരത്തെ പിന്തുണച്ചു. ഡോക്ടര്‍മാരും നഴ്സുമാരും, ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളികളുമെല്ലാം ഒരേപോലെ സമരത്തിന് അണിനിരന്നു.

പ്രതിഷേധം നടന്ന 185 രാജ്യങ്ങളിലും അവിടുത്തെ പ്രാദേശിക കാലാവസ്ഥാ പ്രശ്നങ്ങളാണ് ചര്‍ച്ചയായത്. സോളമന്‍ ദ്വീപുകളില്‍ സമുദ്രനിരപ്പ് ഉയരുന്നതായിരുന്നു വിഷയമെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ വിഷ മാലിന്യങ്ങളും, ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണവും പ്ലാസ്റ്റിക് മാലിന്യങ്ങളും, ഓസ്‌ട്രേലിയയില്‍ കല്‍ക്കരി വികസനവുമായിരുന്നു ചര്‍ച്ചാ വിഷയം. എന്നാല്‍ സമരത്തിന്റെ മൊത്തത്തിലുള്ള സന്ദേശം ഒന്നായിരുന്നു.

ഈ മാസം 23-ന് ന്യൂയോര്‍ക്കിലും ഡിസംബര്‍ 2-13 തിയ്യതികളില്‍ സാന്റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളുടെ ഭാഗമായാണ് ആഗോള സമരം നടക്കുന്നത്. വിഷയത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം. ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ഗ്രെറ്റ ഒരു വര്‍ഷത്തേക്ക് സ്‌കൂളില്‍നിന്നും ലീവെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: