ഫ്രാന്‍സില്‍ ‘കാലാവസ്ഥ മാര്‍ച്ച്’ അക്രമ മാര്‍ച്ചായി മാറി; ഒടുവില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്

പാരീസ്: ലോകത്ത് ആകമാനം നടന്ന കാലാവസ്ഥ മാര്‍ച്ചിന്റെ ഭാഗമായി പാരിസില്‍ സംഘടിപ്പിക്കപ്പെട്ട കാലാവസ്ഥ മാര്‍ച്ച് അവസാനിച്ചത് അക്രമത്തില്‍. പ്രകടനം അക്രമത്തിലേക്ക് കടന്നതോടെ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. മാര്‍ച്ചിലേക്ക് അരാജകവാദി പ്രകടനക്കാര്‍ നുഴഞ്ഞുകയറിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ച്ചില്‍ പങ്കെടുത്ത ഒരു സംഘം ആളുകള്‍ ബാരിക്കേഡുകള്‍ക്ക് തീയിട്ടും കെട്ടിടങ്ങളുടെ ജനല്‍ചില്ലുകള്‍ എറിഞ്ഞുടച്ചും മുന്നേറുകയായിരുന്നു. അതോടെ കുടുംബവുമായി സമരത്തിനെത്തിയ പലരും മാര്‍ച്ചില്‍നിന്നും പിന്മാറി.
സംഘര്‍ഷം വ്യാപിച്ചതോടെ ഫ്രഞ്ച് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നൂറിലധികം പേരെ അറസ്റ്റു ചെയ്തു. 7,000 പോലീസ് ഉദ്യോഗസ്ഥരാണ് നഗര സുരക്ഷയ്ക്കായി അണിനിരന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ മാര്‍ച്ചും, ഫ്രാന്‍സിലെ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരായ പ്രതിഷേധവും ഒരുമിച്ചാണ് സംഘടിപ്പിക്കപ്പെട്ടത്.

അതിനിടയിലെക്ക് സര്‍ക്കാര്‍ വിരുദ്ധ സംഘടനയായ’യെല്ലോ വെസ്റ്റി’ന്റെ ആളുകള്‍ നുഴഞ്ഞുകയറുകയായിരുന്നു എന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരാണ് സമാധാനപരമായി നീങ്ങുകയായിരുന്ന സമരം അക്രമാസക്തമാക്കിയത്. ‘ബ്ലാക്ക് ബ്ലോക്ക്’ അരാജകവാദി സംഘം എന്ന് വിളിക്കപ്പെടുന്ന അവര്‍ കറുത്ത സ്‌കാര്‍ഫുകള്‍കൊണ്ട് മുഖം മറച്ചും, സണ്‍ഗ്ലാസുകളും ഹുഡുകളും ധരിച്ചുമാണ് അക്രമം നടത്തിയത്.

Share this news

Leave a Reply

%d bloggers like this: