വട്ടിയൂര്‍ക്കാവില്‍ പദ്മജ വേണ്ടെന്ന് മുരളീധരന്‍; മത്സരിക്കണം എന്ന് ആവശ്യപെട്ടിട്ടില്ലെന്ന് സഹോദരിയുടെ മറുപടി

തിരുവനന്തപുരം: 5 മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ കേരളത്തിലെ രാഷ്ട്രീയ രംഗം വീണ്ടും സജീവമാകുകയാണ്. വരുംനാളുകളില്‍ ചൂടേറിയ മാധ്യമചര്‍ച്ചകളും, വാഗ് പോരാട്ടങ്ങളും കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ അലയടിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് മണ്ഡലം ഈ അഞ്ചു മണ്ഡലങ്ങളില്‍ കേരളം ഏറ്റവും അധികം ഉറ്റ് നോക്കുന്ന മണ്ഡലമാണ്. ഇക്കുറി ബിജെപി വട്ടിയൂര്‍ക്കാവ് പിടിക്കുമോ എന്ന ചോദ്യം തന്നെയാണ് ഇവിടെ പ്രധാനം.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്താനാവും എന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. മൂന്നാം സ്ഥാനത്തുളള എല്‍എഡിഎഫിനും പ്രതീക്ഷയ്ക്ക് കുറവൊന്നുമില്ല. ഇക്കുറി കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവിലില്ല എന്നതാണ് ബിജെപിയേയും ഇടതുപക്ഷത്തേയും മോഹിപ്പിക്കുന്നത്. തനിക്ക് പകരം സഹോദരി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കേണ്ട എന്നാണ് മുരളിയുടെ നിലപാട്. കോണ്‍ഗ്രസിലെ കുടുംബ വാഴ്ച എന്ന അനാവശ്യ വ്യാഖ്യാനം ഒഴിവാക്കുന്നതിനാണ് മുരളീധരന്‍ എങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് കണക്കാക്കുന്നത്.

സഹോദരന് മറുപടിയുമായി പത്മജ കൂടി രംഗത്ത് എത്തിയതോടെ വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് അങ്കം കൊഴുക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് താന്‍ ആരോടും ആവശ്യപെട്ടിട്ടില്ല എന്ന മറുപടിയുമായാണ് പദമജ വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുന്നത്. മണ്ഡല പുനര്‍ നിര്‍ണയത്തില്‍ വട്ടിയൂര്‍ക്കാവായി മാറിയ തിരുവനന്തപുരം നോര്‍ത്ത് ആദ്യമായി 2011ലാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മുരളീധരന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചെറിയാന്‍ ഫിലിപ്പിനെ മലര്‍ത്തിയടിച്ച് നിയമസഭയിലെത്തി. വിജയം 16167 വോട്ടുകള്‍ക്ക്. 2016ലെ അടുത്ത തിരഞ്ഞെടുപ്പിലും കെ മുരളീധരനെ വട്ടിയൂര്‍ക്കാവ് കൈവിട്ടിരുന്നില്ല. എന്നാല്‍ മുരളിധരന്റെ അസാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ എന്ന ആശങ്കയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. മൂന്ന് മുന്നണികളും കടുത്ത പോരാട്ടം ആയിരിക്കും ഇവിടെ കാഴ്ചവെക്കുക.

Share this news

Leave a Reply

%d bloggers like this: