അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രകൃതി വാതകം; കരാര്‍ ഒപ്പിട്ടു

ഹൂസ്റ്റണ്‍: അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രകൃതി വാതകം എത്തിക്കാനുള്ള കരാര്‍ ഒപ്പിട്ടു. അമേരിക്കന്‍ പ്രകൃതി വാതക കമ്പനിയായ ടെല്ലുറിയനും ഇന്ത്യയുടെ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും (പിഎല്‍എല്‍) ആണ് കരാര്‍ ഒപ്പുവച്ചത്. പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ പ്രകൃതി വാതകമാണ് കരാര്‍ പ്രകാരം ഇന്ത്യയിലേക്ക് ഇറക്കുക.

മോദിയുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടതെന്ന് ടെല്ലുറിയന്‍ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഇറക്കുന്ന കമ്പനിയാണ് പെട്രോനെറ്റ്. ശനിയാഴ്ച മോദിയുടെ കൂടിക്കാഴ്ചകള്‍ പ്രധാനമായും ഊര്‍ജമേഖലയിലെ പ്രമുഖരുമായിട്ടായിരുന്നു.

റഷ്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള എല്‍എന്‍ജി ഇറക്കുമതിക്ക് പുറമെയാണ് അമേരിക്കയില്‍ നിന്നും കൂടുതല്‍ ഇറക്കാന്‍ ഇന്ത്യ ആലോചിക്കുന്നത്. ഖത്തറില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം കൈവശമുള്ള രാജ്യമാണ് ഖത്തര്‍. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് ഖത്തറിന്റെ പ്രകൃതി വാതക ശേഖരം. എന്നാല്‍ ഇറാനും അമേരിക്കയും മേഖലയില്‍ കൊമ്പുകോര്‍ക്കല്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ അമേരിക്കയില്‍ നിന്നും കൂടുതല്‍ ഇറക്കുമതി ചെയ്യാന്‍ നീക്കം നടത്തുന്നത്.

Share this news

Leave a Reply

%d bloggers like this: