പാലായില്‍ മാണിയില്ലാത്ത അംഗതട്ടില്‍ ജനവിധി തേടുന്നത് 13 സ്ഥാനാര്‍ത്ഥികള്‍

പാല : പാലായില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. ഇന്നത്തെ ജനവിധിയിലൂടെ പാലായിലെ കെ എം മാണിയുടെ പകരക്കാരന്‍ ആരാണെന്ന് 4 ദിവസത്തിനുള്ളില്‍ അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായി ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 176 ബൂത്തുകളിലായാണ് വോട്ടെടുപ്പ്. എം3 വോട്ടിംഗ് യന്ത്രമാണ് പാലായില്‍ ഉപയോഗിക്കുന്നത്.

വോട്ടിംഗ് മെഷിയന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കാര്‍മല്‍ സ്‌കൂളില്‍ നിന്നും ഏറ്റുവാങ്ങി. ഇന്ന് രാവിലെ ആറിന് തെരഞ്ഞെടുപ്പ് ഏജന്റുമാരുടെയും, ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മോക്ക് പോള്‍ നടന്നു. ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പാലായിലെ മുഖ്യപോര്. മണ്ഡലം രൂപീകരിച്ച കാലം മുതല്‍ കഴിഞ്ഞ 54 കൊല്ലമായി യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന കേരള കോണ്‍ഗ്രസാണ് ഇവിടെ ജയിച്ചിട്ടുള്ളത്. എല്ലാത്തവണയും കെ എം മാണിയായിരുന്നു സ്ഥാനാര്‍ത്ഥി.

എന്നാല്‍ ഇക്കുറി മാണിയല്ലാതെ മറ്റൊരാളെ തെരഞ്ഞെടുക്കാനാണ് പാലാ ഒരുങ്ങുന്നതെന്നതിനാല്‍ ഈ തെരഞ്ഞെടുപ്പിനെ ഇരുമുന്നണികളും ആകാംക്ഷയോടെയാണ് നോക്കുന്നത്. യുഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ത്ഥി ജോസ് ടോമും എല്‍ഡിഎഫിന് വേണ്ടി എന്‍സിപിയുടെ മാണി സി കാപ്പനുമാണ് മത്സരിക്കുന്നത്. 2006 മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കുന്ന മാണി സി കാപ്പന് ഓരോ തെരഞ്ഞെടുപ്പിലും കെ എം മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചിരുന്നു.


ബാര്‍ കോഴക്കേസില്‍ കെ എം മാണി മന്ത്രി സ്ഥാനം രാജിവയ്ക്കുകയും പിന്നീട് യുഡിഎഫുമായി അകലുകയുമെല്ലാം ചെയ്തതിന് ശേഷം വന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മാണി സി കാപ്പനെ തന്നെ വീണ്ടും ഗോദയിലിറക്കിയത് വിജയം പ്രതീക്ഷിച്ച് തന്നെയായിരുന്നു. എന്നാല്‍ അപ്പോഴും പാലായിലെ ജനങ്ങള്‍ മാണി സാറിനെ പൂര്‍ണമായും കൈവിട്ടില്ല. ഭൂരിപക്ഷം 4,703 ആയി കുറഞ്ഞെങ്കിലും ജയം മാണിക്കൊപ്പം തന്നെയായി.

മാണിയില്ലാത്ത തെരഞ്ഞെടുപ്പായതിനാല്‍ തന്നെ മാണി സി കാപ്പന് ഇത്തവണ വിജയം സാധ്യമാകുമെന്നതാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. കേരള കോണ്‍ഗ്രസില്‍ മാണിയുടെ മരണത്തിന് മുമ്പേ തുടങ്ങിയ തമ്മിലടി അതിന് ശേഷം അധികാര വടംവലിയായും രൂപപ്പെട്ടിട്ടുണ്ട്. അത് തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പിലെ കണക്കുകൂട്ടല്‍. അതേസമയം മാണിയുടെ വിയോഗം വോട്ടാക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. മാണി കുടുംബത്തില്‍ നിന്നും ആരെങ്കിലും സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ വിജയം സുനിശ്ചിതമെന്ന് കരുതുന്നവരുമുണ്ടെങ്കിലും മാണിയുടെ പേരില്‍ വോട്ട് ലഭിക്കുമെന്നാണ് കേരള കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

മാണി മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവരുടെ പ്രചരണവും. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയ്ക്ക് പകരം പൈനാപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കുന്നുവെന്നത് അവര്‍ക്ക് ക്ഷീണമാണ്. പാര്‍ട്ടിയിലെ അധികാര തര്‍ക്കം തന്നെയാണ് ചിഹ്നം നഷ്ടമാകാനും കാരണം. താല്‍ക്കാലിക ചെയര്‍മാനായ പി ജെ ജോസഫ് താനാണ് പാര്‍ട്ടിയുടെ നേതാവെന്നും ചിഹ്നത്തിന് തനിക്കാണ് അധികാരമെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതോടെയാണ് രണ്ടില ചിഹ്നം ഉപയോഗിക്കാനാകാതെ വന്നത്.

എന്‍ഡിഎയ്ക്ക് വിജയപ്രതീക്ഷയൊന്നും ഇല്ലെങ്കിലും ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരി മത്സരിക്കുന്നത്. എന്തായാലും ഇന്ന് ജനം വിധിയെഴുതിയാലും പാലായില്‍ മാണിയുടെ പിന്‍ഗാമിയാരെന്ന് അറിയാന്‍ 27 വരെ കാത്തിരിക്കാം.

Share this news

Leave a Reply

%d bloggers like this: