കോര്‍പറേറ്റ് നികുതി കുറച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതിയും കുറച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി : ജനങ്ങളുടെ ഉപഭോഗ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിഗത ആദായ നികുതി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. കഴിഞ്ഞദിവസം കോര്‍പറേറ്റ് നികുതി സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധ്യവര്‍ഗത്തിന് ആശ്വാസകരമാകുന്ന നീക്കം. ദീപാവലിയോട് അനുബന്ധിച്ചാകും പ്രഖ്യാപനം എന്നാണ് സൂചന. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നുവെന്ന വിവരങ്ങള്‍ക്കിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ആദായ നികുതിയില്‍ ഇളവ് വരുത്തുന്നതോടെ എല്ലാ നികുതി ദായകര്‍ക്കും അഞ്ച് ശതമാനം ഇളവ് ലഭിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ അടയ്ക്കേണ്ട ആദായ നികുതി പരിധി പത്ത് ശതമാനമാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. നിലവില്‍ 20 ശതമാനമാണ് ഈ ഗണത്തില്‍പ്പെടുവര്‍ അടയ്ക്കേണ്ടത്. പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരുടെ നികുതി 30 ല്‍ നിന്ന് 25 ശതമാനമാക്കി കുറയ്ക്കാനും ആലോചിക്കുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന നികുതി ഘടനയുള്ളത് 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്കാണ്. കൂടാതെ സെസ്സ്, സര്‍ച്ചാര്‍ജ് എന്നിവ ഒഴിവാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഈ മാസം പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ആദായനികുതി കുറയ്ക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ അടുത്തിടെ പറഞ്ഞിരുന്നു. നികുതി പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അടുത്തിടെ ഉയര്‍ത്തിയിരുന്നു. മറ്റു ഇളവുകള്‍ വേണ്ട സമയം പ്രഖ്യാപിക്കുമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. പുതിയ പ്രത്യക്ഷ നികുതി ചട്ടം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമതി ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നികുതി ഘടനയില്‍ സമൂലമായ പരിഷ്‌കരണം വേണമെന്നാണ് ഇവരുടെ നിര്‍ദേശം. ഇക്കാര്യം കൂടി പരിഗണിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുക.

Share this news

Leave a Reply

%d bloggers like this: