ഗാന്ധി സ്മരണയില്‍ ലോകം;150 മത് ജന്മദിനത്തില്‍ വിപുലമായ ആഘോഷപരിപാടികള്‍ നടക്കും

ഡല്‍ഹി : രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികത്തില്‍ വിപുലമായ ആഘോഷങ്ങളുമായി രാജ്യം. ഗാന്ധിയുടെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.പാര്‍ലമെന്റില്‍ രാവിലെ 10.30 യ്ക്ക് നടക്കുന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പ്രധാനമന്ത്രി ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കും.

‘പ്രിയപ്പെട്ട ബാപ്പുവിന് ആദരാഞ്ജലികള്‍! മഹാത്മാഗാന്ധി മാനവികതയ്ക്ക് നല്‍കിയ നിത്യ സംഭാവനയ്ക്ക് രാജ്യത്തിന്റെ പ്രണാമം. ഗാന്ധി സ്വപ്നം കണ്ട ഇന്ത്യയെ സൃഷ്ടിക്കാന്‍ കഠിനമായി പ്രയത്‌നിക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു’, എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. വൈകീട്ടോടെയാണ് പ്രധാനമന്ത്രി സബര്‍മതിയില്‍ എത്തുക. അവിടെ 10,000 സര്‍പഞ്ചുകളെ അദ്ദേഹം അഭിസംബോധന ചെയ്യും. രാജ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തമായി അദ്ദേഹം ഇന്ന് സബര്‍മതിയെ പ്രഖ്യാപിക്കും. സ്വച്ഛഭാരത് മിഷന്റെ വിജയ പ്രഖ്യാപനവും നടക്കും.ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടക്കും.

ഗാന്ധി ജയന്തിയുടെ ഭാഗമായി കോണ്‍ഗ്രസ് രാജ്യത്തുടനീളം പദയാത്രകള്‍ സംഘടിപ്പിക്കും. ദേശീയ തലസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ സോണിയ ഗാന്ധിക്കൊപ്പം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കുചേരും. ലഖ്‌നൗവില്‍ പ്രിയങ്ക ഗാന്ധി യാത്ര നയിക്കും. രാവിലെ 9.30 നാണ് പദയാത്ര ആരംഭിക്കുന്നത്. ഗാന്ധി ജയന്തിയുടെ ഭാഗമായി ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ കോണ്‍ഗ്രസ് ഒരുക്കുന്നുണ്ട്. ഗാന്ധിജയത്തി ദിവസം അന്തരാഷ്ട്ര അഹിംസ ദിനം കൂടിയാണ്. ലോകത്തിന്റെ നാനാഭാഗത്തും ഗാന്ധിജിയുടെ സംഭാവനകളും, കര്‍മ്മനിരതയും ചര്‍ച്ചചെയ്യപെടും.

Share this news

Leave a Reply

%d bloggers like this: