ഡല്‍ഹിയില്‍ ഭീകരാക്രമണം എപ്പോള്‍ വേണമെങ്കിലും നടക്കാം; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകരാക്രമണ സാധ്യത. നവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ മൂന്ന് ജെയ്‌ഷെ ഭീകരര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. പരിശീലനം ലഭിച്ച വിദഗ്ധരായ ചാവേറുകളാണ് രാജ്യ തലസ്ഥാനത്ത് എത്തിയിരിക്കുന്നതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ച വിവരം. സിറ്റി പോലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡിനാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഇതേ തുടര്‍ന്ന് തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദില്ലി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുകയാണ്. ഒമ്പത് സ്ഥലങ്ങലില്‍ പോലീസ് റെയ്ഡ് നടത്തി. നഗരത്തില്‍ നിരീക്ഷണത്തിനായി കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുമുണ്ട്. കൂടുതല്‍ ജനങ്ങള്‍ എത്തിച്ചേരുന്ന റെയില്‍ സ്റ്റേഷന്‍, മെട്രോ സ്റ്റേഷന്‍, ബസ്റ്റാന്‍ഡ്, മാളുകള്‍, സിനിമ തിയേറ്ററുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

സംശയസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗസ്റ്റ് ഹൗസുകള്‍, ഹോട്ടലുകള്‍, പേയിങ് ഗസ്റ്റ് താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തിവരുന്നുണ്ട്. അടുത്തിടെ നഗരത്തില്‍ എത്തി താമസിക്കുന്നവരുടെ വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ജനങ്ങള്‍ കൂടുതലായി എത്തുന്ന മേഖലകളിലെല്ലാം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ബാലാകോട്ടില്‍ ഇന്ത്യ തകര്‍ത്ത ജയ്ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാ മേധാവി ബിപിന്‍ റാവത്ത് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരാക്രമണമുണ്ടാകുമെന്നുള്ള രഹസ്യാന്വേഷണ വിവരം ലഭിച്ചത്. പത്തോളം ജയ്ഷെ മുഹമ്മദ് ഭീകരര്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് നീങ്ങിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

തീവ്രവാദി ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജമ്മു കശ്മീരിലേയും പഞ്ചാബിലേയും അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേന താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അതിര്‍ത്തിയിലുള്ള സൈനിക കേന്ദ്രങ്ങളെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന രഹസ്യാന്വേഷണ വിവരത്തെ തുടന്ന് സൈനിക കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിച്ചിരുന്നു. ഫെസ്റ്റിവല്‍ സീസണ്‍ അടുത്തതോടെ കര-നാവിക- വ്യോമ മാര്‍ഗങ്ങളിലും നിരീക്ഷണം ശക്തമാക്കി.

Share this news

Leave a Reply

%d bloggers like this: