ശബരിമല എയര്‍പോര്‍ട്ട്: സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം വിവാദമായ ചെറുവള്ളി എസ്റ്റേറ്റില്‍…

പത്തനം തിട്ട : ശബരിമലയ്ക്ക് സമീപം സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായി നേരത്തെ തന്നെ കണ്ടുവച്ചിരുന്ന എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍. വിമാനത്താവളത്തിനായി 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ (ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ്) നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്നു റവന്യു വകുപ്പ് വ്യോമയാന ചുമതലയുള്ള ഗതാഗത വകുപ്പിനു റിപ്പോര്‍ട്ട് നല്‍കിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു.

ഭൂമിയുടെ ഉടമസ്ഥാവകാശം വിഷയത്തില്‍ നിലവില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഭൂമിയുടെ വില കോടതിയില്‍ മുന്‍കൂര്‍ കെട്ടിവച്ച് ഏറ്റെടുക്കല്‍ നടപടി ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും റവന്യൂ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. നടപടികള്‍ വേഗത്തിലാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന്റെ അന്തിമതീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

പദ്ധതി ഏകോപനത്തിന് സ്‌പെഷല്‍ ഓഫിസറെ നിയമിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറി എം.മാധവന്‍ നമ്പ്യാര്‍ അധ്യക്ഷനായി സേര്‍ച് കമ്മിറ്റിയും ഇതിനായി രൂപീകരിച്ചു. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴില്‍ വരുന്നതാണ് 2,262 ഏക്കര്‍ വരുന്ന നിര്‍ദ്ദിഷ്ട എസ്റ്റേറ്റ്. എന്നാല്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണു ചര്‍ച്ചിന്റെ നിലപാട്.

കോട്ടയം ജില്ലയില്‍ എരുമേലിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ക്കു പ്രയോജനം ലഭിക്കുന്നരീതിയില്‍ വിമാനത്താവളം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ 2017 ജൂണ്‍ 19 ന് തന്നെ നല്‍കിയിട്ടുണ്ട്. ടേബിള്‍ ടോപ്പ് പീഠഭൂമി വിമാനത്താവളം നിര്‍മ്മിക്കുക എന്നതാണ് . ഈ പ്രദേശത്തെ ഉറച്ച മണ്ണും ഭൂപ്രകൃതിപരമായ അനുകൂല ഘടകങ്ങളും വിമാനത്താവളത്തിന് കുറഞ്ഞ മൂലധനവും പരിപാലനച്ചെലവും മതിയാകുമെന്നു വിലയിരുത്തത്തലാണ് ചെറുവള്ളി എസ്റ്റേറ്റിനെ ഇതിനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍ദ്ദിഷ്ട വിമാനത്താവള പരിസരത്തുനിന്ന് ഏകദേശം 48 കി മീ അകലെയാണ് ശബരിമല ക്ഷേത്രം. കമ്മീഷന്‍ ചെയ്തു കഴിഞ്ഞാല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കു ശേഷം കേരള സംസ്ഥാനതത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായിരിക്കും ഇത്. ചെറുവള്ളി എസ്റ്റേറ്റിനെ സംബന്ധിച്ച ഉടമസ്ഥാവകാശ തര്‍ക്കം തര്‍ക്കത്തില്‍ കേരള സര്‍ക്കാരിന് അനുകൂലമായിട്ടുള്ള ഒരു കോടതി വിധി ഉണ്ടായാല്‍ വിമാനത്താവള നിര്‍മ്മാണം കൂടുതല്‍ വേഗം കൈവരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: