കൂടത്തായി കേസ് ഐ പി എസ് ട്രൈനിങ്ങിന്റെ ഭാഗമാക്കുന്നു; ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കൂടത്തായിലേക്ക്

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസ് ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്നു. കേരളത്തിലെ പത്ത് എഎസ്പിമാര്‍ക്കുള്ള പരിശീലനം വടകര റൂറല്‍ എസ്പി ഓഫീസില്‍ ആരംഭിച്ചു. ട്രെയിനിംഗിന് എത്തിയവര്‍ക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അന്വേഷണത്തിനായി എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കൂടത്തായിയില്‍ നാളെയെത്തും. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള സംഘമാണ് എത്തുന്നത്. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ വിദേശത്തേയ്ക്ക് പരിശോധനയ്ക്ക് അയക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ഇതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിദഗ്ധരുമായി ഡി ജി പി ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിലവില്‍ കൊല്ലപ്പെട്ട റോയ് തോമസിന്റെ ശരീരത്തില്‍നിന്നും മാത്രമാണ് സയനൈഡ് കണ്ടെത്തിയതിന് തെളിവുള്ളൂ. ഈ കേസിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്. മറ്റു മരണങ്ങളുടെ ഉത്തരവാദിത്വവും ജോളി ഏറ്റെടുത്തെങ്കിലും കോടതിയില്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണ്. മനുഷ്യശരീരത്തില്‍ സാധാരണയായി സയനൈഡ് എത്തിയിട്ടുണ്ടെങ്കില്‍ അത് എല്ലുകളിലും, പല്ലുകളിലും എല്ലാം ഡെപ്പോസിറ്റ് ചെയ്യപ്പെടും.

മൃതശരീരത്തിന്റെ ബാക്കിയാകുന്ന മുടികളില്‍ പോലും ഇതിന്റെ സാനിധ്യം കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ മൃതശരീര അവശിഷ്ടങ്ങളുടെ കാലപ്പഴക്കം ഒരുപക്ഷെ ഇത് കണ്ടെത്താന്‍ തടസ്സം ആകാനും സാധ്യതയുണ്ട്. ഈ ഒരു പോയിന്റില്‍ ആണ് വളരെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് കണ്ടെത്താന്‍ വിദേശ രാജ്യങ്ങളിലേക്ക് ശരീര ഭാഗങ്ങള്‍ അയക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കോടതിയില്‍ നിന്നും ഇതിനായുള്ള അനുമതി ലഭിക്കേണ്ടതുമുണ്ട്.

Share this news

Leave a Reply

%d bloggers like this: