ഇന്ത്യക്ക് ഗുണം ചെയ്യുന്നത് റാവു-മന്‍മോഹന്‍ സാമ്പത്തിക മാതൃക: നിര്‍മ്മല സീതാരാമന് ഉപദേശം നല്‍കി ഭര്‍ത്താവ് പറകാല പ്രഭാകര്‍…

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി നിസ്സാരമല്ലെന്ന് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ദ്ധരുമായ പറകാല പ്രഭാകറിന്റെ മുന്നറിയിപ്പ്. നരസിംഹ റാവുവിന്റെ കാലത്ത് നിലനിന്ന സാമ്പത്തിക നയമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്നും പ്രഭാകര്‍ ചൂണ്ടിക്കാട്ടുന്നു. റാവു-മന്‍മോഹന്‍ കൂട്ടുകെട്ടിലെ സാമ്പത്തിക നയങ്ങള്‍ വളരെ വിജയം കൈവരിച്ചിട്ടുള്ളതാണെന്നും അത് ഒരിക്കലും സാമ്പത്തിക രംഗത്തെ തളര്‍ത്തിയിട്ടില്ലെന്നും പ്രഭാകര്‍ പറയുന്നു.

നെഹ്‌റുവിയന്‍ കാഴ്ചപ്പാടിനെ പൂര്‍ണമായി പിന്തള്ളുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നാണ് പ്രഭാകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെയും വിദേശങ്ങളിലെയും സാമ്പത്തിക വിദഗ്ദ്ധര്‍ ഒരേ സ്വരത്തില്‍ പറയുന്ന ഇന്ത്യന്‍ സാമ്പത്തിക മാന്ദ്യം പക്ഷെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും പ്രഭാകര്‍ വിമര്‍ശനം ഉന്നയിച്ചു.

രാജ്യത്തിന്റെ വളര്‍ച്ചയുടെ സൂചികയായ ജിഡിപി ഗണ്യമായി കുറഞ്ഞുവരികയാണ് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് സാമ്പത്തിക നയങ്ങളില്‍ ഉടനെ ഒരു വ്യത്യാസം വരുത്തേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കടുത്ത മാന്ദ്യത്തില്‍ തുടരുമ്പോള്‍ ഇന്ത്യയില്‍ ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ തന്നെ പ്രഖ്യാപിക്കേണ്ടി വന്നേക്കാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതുവരെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ എത്രത്തോളം ഫലവത്താകുമെന്ന് ധനകാര്യ വകുപ്പ് പരിശോധിക്കേണ്ടതുണ്ടെന്നും പ്രഭാകര്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ധനകാര്യ മന്ത്രാലയം മാന്ദ്യത്തെ മറികടക്കാന്‍ ബാങ്ക് വായ്പകളിലെ അധിക നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി വായ്പ സംവിധാങ്ങള്‍ സുതാര്യമാക്കിയെങ്കിലും വായ്പയെടുക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. ഇതിത്തൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചോണ്ടിക്കാട്ടുന്നു.

Share this news

Leave a Reply

%d bloggers like this: