തുര്‍ക്കി മന്ത്രാലയങ്ങള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തി യു.എസ്; സിറിയ നീങ്ങുന്നത് മറ്റൊരു ആഭ്യന്തര യുദ്ധത്തിലേക്ക്…

വടക്കന്‍ സിറിയയില്‍ നടക്കുന്ന സൈനിക നീക്കത്തിന് മറുപടിയായി രണ്ട് തുര്‍ക്കി മന്ത്രാലയങ്ങള്‍ക്കും മൂന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. സൈനിക നീക്കം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രംപ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനുമായി ഫോണിലൂടെ സംസാരിച്ചുവെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. താന്‍ കഴിയുന്നത്ര വേഗത്തില്‍ സംഘര്‍ഷ പ്രദേശത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, സിറിയന്‍ സൈന്യവും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലേക്ക് പ്രവേശിച്ചു. തുര്‍ക്കിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് ഉദ്ദേശ്യമെങ്കില്‍ സിറിയ മറ്റൊരു രക്തരൂക്ഷിത ആഭ്യന്തര യുദ്ധത്തിലേക്കാവും വഴുതിവീഴുക.

കുര്‍ദ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്ഡിഎഫ്) നിയന്ത്രണത്തിലുള്ള പ്രദേശത്താണു തുര്‍ക്കി സൈനിക നീക്കം ശക്തമാക്കിയത്. അതോടെ പിടിച്ചുനില്‍ക്കാനായി കുര്‍ദുകള്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്നാണ് സിറിയന്‍ സൈന്യം സംഘര്‍ഷ മേഖല ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങിയത്. ആക്രമണം ആറാം ദിവസവും കടന്നതോടെ സിറിയയില്‍ നിന്ന് 160,000 ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട് സംഘടന അറിയിച്ചു. കുര്‍ദ് സായുധ സേനയായ വൈപിജിയിലെ 480 പേരെ വധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നുണ്ട്.

തങ്ങളുടെ അതിര്‍ത്തി പ്രദേശത്ത് നിന്നും കുര്‍ദിഷ് സേനയെ തുരത്തി ‘സുരക്ഷിത മേഖല’ പുനസ്ഥാപിക്കുക എന്നതുമാത്രമാണ് സൈനിക നീക്കംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് തുര്‍ക്കി പറയുന്നു. സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ 30 കിലോമീറ്ററോളം ഉള്ളിലേക്ക് തുര്‍ക്കി സൈന്യം പ്രവേശിച്ചുകഴിഞ്ഞു. കുര്‍ദ് ഭൂരിപക്ഷ പ്രദേശമായ അവിടെ രണ്ട് ദശലക്ഷത്തോളം വരുന്ന സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനാണ് തുര്‍ക്കിയുടെ പദ്ധതി. എന്നാല്‍ അത് പ്രാദേശിക കുര്‍ദിഷ് ജനതയുടെ വംശീയ ഉന്മൂലനത്തിന് കാരണമാകുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, തുര്‍ക്കിയിലെ യുഎസ് വ്യോമതാവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന 50 അണുബോംബുകളാകും അക്രമം അവസാനിപ്പിക്കുന്നതില്‍ വലിയ വിലപേശല്‍ ശക്തിയാവുക. കഴിഞ്ഞദിവസം യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിക്കുമേല്‍ ആയുധ ഉപരോധം പ്രഖ്യാപിച്ചു. എന്നാല്‍ തുര്‍ക്കിയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശ്രമങ്ങളോട് ആക്രമണാത്മകമായി പ്രതികരിക്കുമെന്നാണ് എര്‍ദോഗന്‍ പറയുന്നത്. ‘തുടങ്ങിവച്ച പ്രവര്‍ത്തി അവസാനംവരെ തുടരാന്‍ തന്നെയാണ് തീരുമാനം. അത് പൂര്‍ത്തിയാക്കുക തന്നെ ചെയ്യും’- എര്‍ദോഗാന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: