മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നടത്തിയ ഫ്‌ലാഗ് മീറ്റിംഗിനിടെ ബംഗ്ലാദേശ് സൈനികരുടെ വെടിവയ്പ്: ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു…

അതിര്‍ത്തിയിലെ ഫ്ളാഗ് മീറ്റിംഗിനിടെ ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിലെ (ബിജിബി) സൈനികര്‍ നടത്തിയ വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. മറ്റൊരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബിജിബി കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ഇരു സേനകളും ഫ്ളാഗ് മീറ്റിംഗ് വിളിച്ചത്. ബിജിബിയുടെ അക്രമത്തെ അപലപിച്ച് ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. യുപിയിലെ ഫിറോസാബാദ് സ്വദേശിയായ വിജയ് ഭാന്‍ സിംഗ് എന്ന 51കാരനായ ഹെഡ് കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. 1990ല്‍ ബിഎസ്എഫില്‍ ചേര്‍ന്ന വിജയ് ഭാന്‍ സിംഗിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ വി കെ ജോഹ്രി, ബിജിബി തലവന്‍ മേജര്‍ ജനറല്‍ ഷഫീനുള്‍ ഇസ്ലാമുമായി ഹോട്ട് ലൈനില്‍ ചര്‍ച്ച നടത്തി. ബിജിബി മേധാവി അന്വേഷണം ഉറപ്പ് നല്‍കി. ഈ സംഭവത്തോടെ 4,096 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. അതേസമയം ബിഎസ്എഫ് അതിര്‍ത്തി ലംഘിച്ച് 500 വാരയോളം ബംഗ്ലാദേശ് പ്രദേശത്തേയ്ക്ക് കടന്നുകയറിയതായും ഇതേത്തുടര്‍ന്ന് സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് വെടി വച്ചത് എന്നും ബിജിബി പറയുന്നു.

പദ്മ നദിയില്‍ അതിര്‍ത്തിയില്‍ മീന്‍ പിടിക്കവേയാണ്, മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് സേന കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ട് പേരെ ബിജിബി മോചിപ്പിച്ചിട്ടുണ്ട്. പരാതിയുമായി ഇവര്‍ ബി എസ് എഫിനെ സമീപിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: