കേരള ചരിത്ര നിര്‍മാണത്തിനാവശ്യമായ ഡച്ച് രേഖകള്‍ നെതര്‍ലാന്‍ഡ്സ് കൈമാറും…

കൊച്ചി: കേരളവുമായി ബന്ധപ്പെട്ട 17ാം നൂറ്റാണ്ടിലെ ഡച്ച് രേഖകള്‍ നെതര്‍ലാന്‍ഡ്സ് കൈമാറും. 17ാം നൂറ്റാണ്ടില്‍ കൊച്ചി കേന്ദ്രീകരിച്ച് ഡച്ചുകാരുമായി ബന്ധപ്പെട്ട രേഖകളായിരിക്കും നെതര്‍ലാന്‍ഡ്സ് കൈമാറുക. അടുത്തിടെ പിണറായി വിജയന്‍ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ചപ്പോള്‍ ഇതുസംബന്ധിച്ച കരാറുകളില്‍ ധാരണയായിരുന്നു. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം കേരളത്തില്‍ എത്തിയ ഡച്ച് രാജാവ് വില്ല്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് 17ാം നൂറ്റാണ്ടിലെ ഡച്ച് രേഖകള്‍ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമാക്കിയത്.

കൊച്ചിയില്‍ ഒട്ടേറെ ഡച്ച് ചരിത്രശേഷിപ്പുകളുണ്ട്. 17ാം നൂറ്റാണ്ടിലാണ് ഡച്ചുകാര്‍ കൊച്ചി പിടിച്ചത്. 1500-ല്‍ പോര്‍ച്ചുഗീസില്‍ നിന്നും വാസ്‌കോ ഡ ഗാമ കോഴിക്കോട് എത്തി, ഒരു നൂറ്റാണ്ടിന് ശേഷം 1604ല്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കൊച്ചിയിലെത്തി. ഏകദേശം രണ്ട് നൂറ്റാണ്ട് കൊച്ചിയും സമീപ പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിച്ച ഡച്ചുകാര്‍ 1795-ല്‍ ഇംഗ്ലീഷുകാരുടെ വരവോടെ കൊച്ചി വിട്ടു.

ഡച്ചുകാര്‍ ആണ് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് നിര്‍മ്മിക്കുകയും മട്ടാഞ്ചേരി പാലസ് പുതുക്കിപ്പണിയും ചെയ്തത്. തിരുവിതാംകൂറിലെ വര്‍ക്കല ക്ഷേത്രത്തിലെ വലിയ മണി, മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ എണ്ണ വിളക്ക്, പദ്നാഭപുരം കൊട്ടാരത്തിലെ മരുന്നുകട്ടില്‍ ഇങ്ങനെ ഡച്ചുകാരുമായി ബന്ധപ്പെട്ട പല ചിരിത്രശേഷിപ്പുക്കളും കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചി മേഖലയില്‍ കാണാന്‍ സാധിക്കും. കെപി പദ്മനാഭ മേനോന്‍ കേരള ചരിത്രം എഴുതിയത് ഡച്ച് പുരോഹിതനായ ജേക്കബ് കാന്റര്‍ വിഷര്‍ കൊച്ചിയില്‍ നിന്ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച് നെതര്‍ലാന്‍ഡ്സിലേക്ക് അയച്ച കത്തുകളെ അധികരിച്ചാണ്. കൊച്ചിയിലെ അഡ്മിറല്‍മാരുടെ ഭരണ റിപ്പോര്‍ട്ടുകളും ചരിത്ര രേഖകളും ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫിന്റെ ഓര്‍മ്മക്കുറിപ്പുകളും കേരള ചരിത്രത്തിലേക്ക് എത്താന്‍ സഹായിക്കുന്നതാണ്.

ഡച്ചുകാരെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന രേഖകളില്‍ മറ്റൊന്ന് ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ ആണ്. ഇതിന്റെ ആദ്യ പ്രതികള്‍ ചുരുക്കം ചിലരുടെ പക്കല്‍ മാത്രമയുള്ളൂ. തിരുവനന്തപുരം കുര്യാത്തി അവിട്ടം തിരുനാള്‍ ഗ്രന്ഥശാലയില്‍ ഒരു പുസത്കം സൂക്ഷിച്ചിട്ടുണ്ട്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി തിരുവതാംകൂര്‍ രാജകുടംബത്തിന് നല്‍കിയ പ്രതികളാണിത്. കേരളവും നെതര്‍ലാന്‍ഡ്സും തമ്മിലുള്ള ബന്ധത്തെ പറ്റി വിശദമാക്കുന്ന ഡച്ച് ഇന്‍കേരള ഡോട്ട് കോം (www.dutchinkerala.com) എന്ന വെബ്സൈറ്റില്‍ ഡച്ച് ചരിത്രവും കേരള ചരിത്രവും ഇന്ത്യ ചരിത്രവും ലോക ചരിത്രവും ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: