പരീക്ഷാഹാളില്‍ കോപ്പിയടി ഒഴിവാക്കാന്‍ അശാസ്ത്രീയ തന്ത്രം; അധ്യാപകരുടെ നടപടിയില്‍ പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങള്‍…

കര്‍ണ്ണാടക: പരീക്ഷയെഴുതുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കാതിരിക്കാന്‍ അവരുടെ തലയില്‍ മുന്നിലേയ്ക്ക് മാത്രം കാണാന്‍ കഴിയും വിധം കാര്‍ഡ്‌ബോര്‍ഡ് പെട്ടി കൊണ്ട് മൂടിയ അധ്യാപകരുടെ നടപടിയില്‍ പ്രതിഷേധം ശക്തം. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. മിഡ് ടേം എക്സാം എഴുതുന്ന ഭഗത് പി യു കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടി വച്ച് പരീക്ഷയെഴുതിച്ചത്. മുന്നിലേയ്ക്ക് മാത്രം കാണാന്‍ കഴിയുന്ന വിധം, ഇടത്തോട്ടും വലത്തോട്ടും കാണാനാകാത്ത നിലയിലാണ് കാര്‍ഡ് ബോഡ് പെട്ടി തയ്യാറാക്കിയത്.

ബുധനാഴ്ചയാണ് സംഭവമുണ്ടായത്. അമ്പതോളം വിദ്യാര്‍ത്ഥികളാണ് ഈ അധിക്ഷേപത്തിനും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും ഇരകളായത്. ഇതിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായി. സംഭവം വലിയ വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ ഇടപെട്ടു. വിദ്യാര്‍ത്ഥികളെ മൃഗങ്ങളെ പോലെ കാണുന്ന ഇത്തരം പരിപാടികള്‍ ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അതേസമയം സംഭവത്തെ ന്യായീകരിച്ച് കോളേജ് മേധാവി എം ബി സതീഷ് രംഗത്തെത്തി. ബിഹാറിലെ ഒരു കോളേജില്‍ കോപ്പിയടി ഒഴിവാക്കാന്‍ വിജയകരമായി ഇത് പരീക്ഷിച്ചിട്ടുണ്ട് എന്നാണ് സതീഷ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഈ ബിഹാര്‍ മോഡല്‍ വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നതായും ഒരു വിദ്യാര്‍ത്ഥിയേയും ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടില്ല എന്നും സതീഷ് പറയുന്നു. രണ്ടോ മൂന്നോ വിദ്യാര്‍ത്ഥികള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടി തലയില്‍ വയ്ക്കാതെ സാധാരണ പോലെ ഇരിക്കുന്നതായി ഫോട്ടോയില്‍ കാണാം.

Share this news

Leave a Reply

%d bloggers like this: