ബ്രെക്‌സിറ്റ് നടപടികള്‍ ഒക്ടോബര്‍ 31ല്‍ നിന്ന് നീട്ടണം: യൂറോപ്യന്‍ യൂണിയന് കത്തയച്ച് ബോറിസ് ജോണ്‍സണ്‍…

ബ്രെക്സിറ്റ് നടപടി ഒക്ടോബര്‍ 31ല്‍ നിന്ന് നീട്ടണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ യൂറോപ്യന്‍ യൂണിയന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌കിനാണ് കത്ത് നല്‍കിയിരിക്കുന്നത്. യുകെയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നീട്ടാനായി ഇനി യാതൊരു ആവശ്യമോ വിലപേശലോ നടത്തില്ല എന്നാണ് ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നത്. എന്നാല്‍ ബ്രെക്സിറ്റ് വൈകിപ്പിക്കാന്‍ താന്‍ ഇ യുവിനോട് ആവശ്യപ്പെട്ടതായി ഇന്നലെ രാത്രി ജോണ്‍സണ്‍ പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് എക്സ്റ്റന്‍ഷന്‍ റിക്വസ്റ്റ് ലഭിച്ചതായും ഇയു നേതാക്കളുമായി ആലോചിച്ച് എന്ത് മറുപടി നല്‍കണമെന്ന് തീരുമാനിക്കുമെന്നും ഇ യു കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ട്വീറ്റ് ചെയ്തു. മൂന്ന് കത്തുകളാണ് ബോറിസ് ജോണ്‍സണ്‍ അയച്ചിരിക്കുന്നത്. ഒപ്പ് വയ്ക്കാത്ത കത്ത് (ബെന്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍), ഇയുവിലെ യുകെ അംബാസഡറില്‍ നിന്നുള്ള വിശദീകരണ കത്ത്, എന്തുകൊണ്ട് ഡൗണിംഗ് സ്ട്രീറ്റ് (ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ്) ബ്രെക്സിറ്റ് നീട്ടാന്‍ താല്‍പര്യപ്പെട്ടില്ല എന്ന് പറയുന്ന കത്ത്.

ബ്രെക്സിറ്റ് നീട്ടാനുള്ള യുകെ പ്രധാനമന്ത്രിയുടെ ആവശ്യം ഇ യു നേതാക്കള്‍ അംഗീകരിച്ചേക്കുമെന്ന സൂചനയുണ്ടെന്നാണ് ബ്രസല്‍സിലെ ഇ യു വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നോ ഡീല്‍ ബ്രെക്സിറ്റിനുള്ള സാധ്യത അടച്ച് കരാറോടെയുള്ള ബ്രെക്സിറ്റിന് ബോറിസ് ജോണ്‍സണെ ബ്രിട്ടീഷ് പാര്‍ലമെന്റ് നിര്‍ബന്ധിതനാക്കിയിരിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ യുകെ ഗവണ്‍മെന്റിന്റെ ആദ്യ നീക്കത്തിനായി കാത്തിരിക്കുകയായിരുന്നു. യുകെയെ ഒഴിവാക്കുന്നത് നീട്ടാന്‍ ഇ.യു താല്‍പര്യപ്പെടുന്നുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും വിലപേശലുകള്‍ക്കില്ലെന്നുമാണ് ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

യുകെ പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സ് ബ്രെക്സിറ്റ് ബില്‍ അംഗീകരിച്ച ശേഷം മാത്രമേ യൂറോപ്യന്‍ പാര്‍ലമെന്റ് ഇത് അംഗീകരിക്കൂ. ഇനി നവംബര്‍ 14നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് കൂടുക. ഇത് ബ്രെക്സിറ്റ് തീയതി നവംബര്‍ 30 ആക്കിയേക്കും. എന്ത് സംഭവിച്ചാലും ഒക്ടോബര്‍ 31ന് ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നത്.

Share this news

Leave a Reply

%d bloggers like this: