ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം ഉള്‍പ്പെടെ അയോധ്യയിലെ 67.703 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ രാം ലല്ല…

യു.പി: ബാബറി മസ്ജിദ് നിന്നിരുന്ന സ്ഥലം അടക്കമുള്ള അയോധ്യയിലെ മുഴുവന്‍ ഭൂമിയും രാമക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടുനല്‍കണമെന്ന് സുപ്രീം കോടതിയില്‍ രാം ലല്ല ആവശ്യപ്പെട്ടു. മുഴുവന്‍ ഭൂമിയും 1993ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്താണ്. അതേസമയം വിശ്വാസികളുടെ അംഗീകാരം ഇതിന് വേണമെന്നും രാം ലല്ല പറഞ്ഞു. 1993ലെ അയോധ്യ ആക്ട് പ്രകാരം ഏറ്റെടുത്ത, ബാബറി മസ്ജിദ് നിന്നിരുന്നതും അതിനോട് ചേര്‍ന്നുള്ളതുമായ 67.703 ഏക്കര്‍ ഭൂമിയാണ് രാം ലല്ല ആവശ്യപ്പെടുന്നത്.

ബാബറി മസ്ജിദ് നിന്നിരുന്ന ഇടവും ഹിന്ദുക്കള്‍ക്ക് വളരെ പ്രധാനമാണ് എന്ന് രാം ലല്ല വാദിക്കുന്നു. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി രാം ലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തുല്യമായി വീതിക്കാനാണ് 2010ല്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ബാബറി മസ്ജിദ് നിന്നിരുന്ന ഇടവും ഹിന്ദുക്കള്‍ക്ക് വളരെ പ്രധാനമാണ് എന്ന് രാം ലല്ല വാദിക്കുന്നു.

തര്‍ക്കപ്രദേശം മുഴുവന്‍ രാമന്റെ ജന്മസ്ഥലത്തിന്റെ ഭാഗമാണ് എന്നും ഇതില്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ല എന്നും ഹിന്ദു സംഘടനകള്‍ വാദിക്കുന്നു. ക്ഷേത്രമുണ്ടായിരുന്ന ഇടത്താണ് പള്ളി പണിതത്. ഇതിനാല്‍ മുസ്ലീം സംഘടനകള്‍ക്ക് ഇവിടെ യാതൊരു അവകാശവുമില്ല എന്ന് രാം ലല്ല നിലപാടറിയിച്ചു. അതേസമയം മുസ്ലീം സംഘടനകള്‍ മുദ്ര വച്ച കവറിലാണ് തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്. മുദ്ര വച്ച കവറില്‍ നിലപാട് അറിയിച്ചതിനേയും ഹിന്ദു സംഘടനകള്‍ ചോദ്യം ചെയ്തു.

ഹിന്ദു, മുസ്ലീം സംഘടനകള്‍ അടക്കം ഫയല്‍ ചെയ്ത 14 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. പ്രതിദിന വാദം ഒക്ടോബര്‍ 16ന് അവസാനിച്ചിരുന്നു. കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്. മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് മുതല്‍ പ്രതിദിന വാദം തുടങ്ങിയത്. 40 ദിവസം വാദം നടന്നു. ഹിന്ദു, മുസ്ലീം സംഘടനകളുടെ വാദം കോടതി കേട്ടു. മുതിര്‍ന്ന അഭിഭാഷകരായ കെ പരാശരനും സി എസ് വൈദ്യനാഥനും പി വി യോഗേശ്വരനുമാണ് രാം ലല്ല അടക്കമുള്ള ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി ഹാജരായത്. മുസ്ലീം സംഘടനകള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ഹാജരായി. 1996 ഡിസംബര്‍ ആറിന് പൊളിക്കപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന അവസ്ഥയില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിച്ചുകിട്ടാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട് എന്ന് സുന്നി വഖഫ് ബോര്‍ഡ് വാദിച്ചിരുന്നു.

ചൂട് പിടിച്ച വാദങ്ങളാണ് കോടതിയില്‍ നടന്നത്. കോടതിയുടെ അനുമതിയോടെ ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ നല്‍കിയ കടലാസുകള്‍ ധവാന്‍ വലിച്ചുകീറിയിരുന്നു. രേഖകള്‍ സമര്‍പ്പിച്ച ഉടന്‍ ഇത് വലിച്ചുകീറാന്‍ അനുവാദമുണ്ടോ എന്ന് ചോദിച്ചായിരുന്നു രാജീവ് ധവാന്‍ അസാധാരണ നടപടിയിലേക്ക് കടന്നത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. രാമ ജന്മഭൂമി എവിടെയാണെന്ന് സൂചിപ്പിക്കുന്ന രേഖകളാണ് ധവാന്‍ കോടതിയില്‍ വലിച്ചുകീറിയത്.

ഇതിനിടെ അയോധ്യ ഭൂമിയിലുള്ള അവകാശവാദം ചില ഉപാധികളുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാന്‍ സുന്നിവഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്ലീം സംഘടനകള്‍ തയ്യാറാണ് എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ബാബറി മസ്ജിദിന് പകരം മറ്റൊരു പള്ളി, നിലവില്‍ ഹിന്ദുത്വ സംഘടനകള്‍ അവകാശവാദം ഉന്നയിക്കുന്ന മറ്റ് പള്ളികളില്‍ നിന്ന് അവര്‍ പിന്‍വാങ്ങുക, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചരിത്ര സ്മാരക പള്ളികളില്‍ ആരാധന അനുവദിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ പിന്മാറാന്‍ തയ്യാറാണ് എന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചതായിട്ടായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയില്‍ സിവില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മധ്യസ്ഥ ശ്രമങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള ശ്രമങ്ങളും വാര്‍ത്ത ചോര്‍ത്തലുകളും നടന്നതായി മുസ്ലീം സംഘടനകള്‍ കുറ്റപ്പെടുത്തിയിരുന്നു.

നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17ന് മുമ്പായി കേസില്‍ വിധി പ്രസ്താവിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നവംബര്‍ ആദ്യ വാരം വിധിയുണ്ടായേക്കും. ബാബറി മസ്ജിദ് നിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി ഒഴികെയുള്ള ബാക്കി ഭൂമി രാം ലല്ലയ്ക്ക് വിട്ടുനല്‍കണം എന്ന് നേരത്തെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: